trai

കൽക്കത്ത ഹൈക്കോടതി സ്‌റ്റേ നീങ്ങി

ന്യൂഡൽഹി: ഇഷ്ട ചാനലുകൾ തിരഞ്ഞെടുക്കാൻ പ്രേക്ഷകന് അവസരം നൽകുന്ന ടെലികോം റെഗുലേറ്ററി അതോറിട്ടിയുടെ (ട്രായ്) പരിഷ്കാരം ഇന്നു മുതൽ നിലവിൽവരും. ഇന്നലെ വരെ ലഭിച്ചുകൊണ്ടിരുന്ന സൗജന്യ ചാനുകൾ കേബിൾ ടിവി, ഡി.ടി.എച്ച് പ്ളാറ്റ്ഫോമുകളിൽ തുടർന്നും ലഭിക്കും. എന്നാൽ പേചാനലുകളുടെ കാര്യത്തിൽ പ്രേക്ഷകന്റെ താത്പര്യത്തിനായിരിക്കും മുൻതൂക്കം. തങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കേബിൾ ടിവി ഒാപ്പറേറ്റമാർ നൽകിയ ഹർജിയിൽ കൽക്കത്ത ഹൈക്കോടതി ട്രായി ഉത്തരവ് ഇന്നലെ രാവിലെ സ്‌റ്റേ ചെയ്‌തിരുന്നു. എന്നാൽ ട്രായ് നൽകിയ അപ്പീൽ പരിഗണിച്ച് സ്‌റ്റേ പിന്നീട് നീക്കം ചെയ്‌തു. പുതിയ ഉത്തരവു പ്രകാരം 100 രൂപയ്ക്ക് 130 സൗജന്യ ചാനലുകൾ (ഫ്രീ ടു എയർ) എന്ന അടിസ്ഥാന പാക്കേജ് നൽകണം. 20 രൂപ നൽകി​ 25 സൗജന്യ ചാനലുകൾ അധികമായി തി​രഞ്ഞെടുക്കാം. പ്രേക്ഷകന് ഇഷ്‌ടമുള്ള ടിവി ചാനലുകൾ തിരഞ്ഞെടുക്കാനും അതിനു മാത്രം പണം നൽകാനും അവസരം നൽകുകയാണ് ട്രായ്. പേ ചാനലുകൾക്ക് ട്രായ് നിശ്ചയിച്ച അടിസ്ഥാന തുകയാണ് നൽകേണ്ടത്. ആവശ്യമുള്ള ചാനലുകൾ പ്രേക്ഷകന് സ്വയം തിരഞ്ഞെടുക്കാം. അല്ലെങ്കിൽ വിതരണക്കാരുടെ പാക്കേജ് സ്വീകരിക്കാം. അവ പ്രേക്ഷകനു മേൽ അടി​ച്ചേൽപ്പി​ക്കാനാകി​ല്ല. ചാനലുകൾ തിരഞ്ഞെടുക്കാൻ പ്രേക്ഷകന് മൊബൈൽ ആപ്പ്, വെബ്‌സൈറ്റ് മുതലായവ വഴി സൗകര്യം ഒരുക്കണമെന്ന് ബ്രോഡ്‌കാസ്‌റ്റർമാർ, എം.എസ്.ഒമാർ, ഡി.ടി.എച്ച് ഒാപ്പറേറ്റർമാർ എന്നിവർക്ക് ട്രായ് നിർദ്ദേശം നൽകി