കൊച്ചി : സൗഹൃദത്തിന്റെ ചരട് പൊട്ടിച്ച് ബ്രിട്ടോയെന്ന പട്ടം യാത്രയായപ്പോൾ അതിജീവനത്തിന്റെ പോരാളിയെ ഹൃദയത്തിൽ സൂക്ഷിച്ച കൂട്ടുകാർക്ക് ഒാർക്കാപ്പുറത്ത് പിന്നിൽ നിന്നുകിട്ടിയ കുത്താണ് ആ വേർപാട്. പൊലീസ് കംപ്ലെയിന്റ് അതോറിട്ടി ചെയർമാനായ മുൻ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് വി.കെ. മോഹനൻ ആ കൂട്ടുകാരിൽ ഒരാളാണ്. ജീവനോളം വിലയുള്ള സൗഹൃദമായിരുന്നു അത്. ഒരർത്ഥത്തിൽ ബ്രിട്ടോയുടെ ജീവനും വഴിയും ജസ്റ്റിസ് വി.കെ. മോഹനനായിരുന്നു. ഹൈക്കോടതി ജഡ്‌ജി ആകുന്നതിനു മുമ്പ് അഭിഭാഷകനും സംഘടനാ പ്രവർത്തകനുമായിരുന്ന കാലം മുതൽ ബ്രിട്ടോ വി.കെ. മോഹനന്റെ അടുത്ത ചങ്ങാതിയാണ്.
1983 ഒക്ടോബർ 14 വെള്ളിയാഴ്ചയാണ് സൈമൺ ബ്രിട്ടോയുടെ ജീവിതം മാറിമറിഞ്ഞത്. വെള്ളിയാഴ്ചയായതിനാൽ മൂവാറ്റുപുഴയിലെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു വി.കെ. മോഹനൻ. മഹാരാജാസിലെ എസ്.എഫ്.ഐ വിദ്യാർത്ഥികളെ മർദ്ദനത്തെത്തുടർന്ന് ഉച്ചയോടെ ആശുപത്രിയിലെത്തിച്ച വിവരം അറിഞ്ഞപ്പോൾ കണ്ടിട്ടുപോകാൻ തീരുമാനിച്ചു.
''പഴയ കൊളംബോ ഹോട്ടലിനു സമീപത്തുകൂടി മോർച്ചറി വഴിയുള്ള ആശുപത്രി ഗേറ്റുകടന്ന് അകത്തെത്തുമ്പോൾ പൊലീസ് ലാത്തിച്ചാർജ് നടത്തുകയാണ്. വെളുത്ത ഷർട്ടും പാന്റ്സുമണിഞ്ഞെത്തിയ വി.കെ. മോഹനൻ വക്കീലാണെന്ന് തിരിച്ചറിഞ്ഞാകണം പൊലീസ് വെറുതേവിട്ടു. ആശുപത്രി വരാന്തയിലേക്ക് എത്തുമ്പോൾ ജീവനുവേണ്ടി പിടയുന്ന ബ്രിട്ടോയെയാണ് കണ്ടത്. ആശുപത്രി വരാന്തയിൽ വച്ച് അവിടെ തമ്പടിച്ചിരുന്ന അക്രമിസംഘം ബ്രിട്ടോയെ ആക്രമിക്കുകയായിരുന്നു. അടുത്തുനിന്ന പൊലീസുകാരനോട് ഞാൻ അലറി. ഒപ്പം ഒരു ആശുപത്രി ജീവനക്കാരനും ഒാടിവന്നു. ഞങ്ങൾ മൂവരും ചേർന്നാണ് ബ്രിട്ടോയെ കാഷ്വാലിറ്റിയിലേക്ക് മാറ്റിയത്. രക്തം മുറിവുകളിൽനിന്ന് ചീറ്റിത്തെറിക്കുന്നുണ്ടായിരുന്നു. ആ കാഴ്ച ഒരിക്കലും മറക്കാൻ കഴിയില്ല.'' - ജസ്റ്റിസ് വി.കെ. മോഹനൻ പറയുന്നു.
നിർദ്ധന കുടുംബത്തിൽ ജനിച്ചുവളർന്ന വി.കെ. മോഹനൻ തനിക്ക് ബ്രിട്ടോയുടെ കുടുബവുമായി നല്ല അടുപ്പം ഉണ്ടായിരുന്നത് ഒാർത്തെടുക്കുന്നു. ആംഗ്ളോ ഇന്ത്യൻ ഭക്ഷണം കഴിച്ചതും ചിറ്റൂരിലെ പഴയ തിയേറ്ററിൽ സിനിമ കാണാൻ ബ്രിട്ടോയ്ക്കൊപ്പം സൈക്കിളിൽ പോയതുമൊക്കെ അദ്ദേഹം പറയുമ്പോൾ ആ സൗഹൃദം വായിച്ചെടുക്കാൻ കഴിയും. നാലുമാസം മുമ്പ് ബ്രിട്ടോയുടെ മമ്മി ഒരാവശ്യം പറഞ്ഞു. 'ഒരു മോട്ടോറൈസ്ഡ് വീൽചെയർ ബ്രിട്ടോയ്ക്ക് സംഘടിപ്പിച്ചു കൊടുക്കണം. മൂവാറ്റുപുഴയുള്ള എന്റെ സുഹൃത്താണ് ഇതു നൽകിയത്. അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് ഞാനും ബ്രിട്ടോയുമൊക്കെ ഉണ്ടായിരുന്നു. ഒടുവിൽ ബ്രിട്ടോയുടെ കറുകുറ്റിയിലുള്ള സഹോദരിയുടെ കുട്ടിയുടെ കല്യാണത്തിന് കാണാമെന്നു പറഞ്ഞാണ് പിരിഞ്ഞത്. പക്ഷേ ബ്രിട്ടോ അന്ന് അഭിമന്യുവിന്റെ വീട്ടിൽ പോയതിനാൽ കാണാൻ കഴിഞ്ഞില്ല. പിന്നെ കണ്ടതുമില്ല.' - തൃശൂരിൽ ബ്രിട്ടോയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലിരുന്നാണ് ജസ്റ്റിസ് വി.കെ. മോഹനൻ ഇതു പറയുന്നത്. കഴിഞ്ഞദിവസം മരണവാർത്ത അറിഞ്ഞപ്പോൾ തന്നെ അദ്ദേഹം തൃശൂരിലേക്ക് പോയിരുന്നു.