simon-brito

കൊച്ചി: സി.പി.എം നേതാവും മുൻ എം.എൽ.എയുമായ സൈമൺ ബ്രിട്ടോയുടെ ഭൗതികശരീരം ഇനി മെഡിക്കൽ വിദ്യാർത്ഥികൾക്ക് പാഠപുസ്തകമാകും. ഇന്നലെ രാത്രി വടുതലയിലെ വീട്ടിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് മൂന്നു വരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

പൊതുദർശനത്തിന് ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. രാജീവ് അറിയിച്ചു. ശരീരത്തിന്റെ പാതി തളർത്തിയ നാലു കുത്തുകളേറ്റെങ്കിലും ജീവിതത്തിലേയ്ക്ക് തിരികവന്ന് മൂന്നര പതിറ്റാണ്ട് ജീവിച്ച ബ്രിട്ടോ മെഡിക്കൽ സയൻസിനും വിസ്‌മയമായിരുന്നു.

അന്ത്യോപചാരം അർപ്പിക്കാൻ വരുന്നവർ പുഷ്പചക്രം ഒഴിവാക്കാൻ സി.പി.എം നിർദ്ദേശിച്ചിട്ടുണ്ട്. മരിച്ചാൽ ശരീരത്തിൽ പുഷ്പചക്രം വയ്ക്കരുതെന്ന് അദ്ദേഹം ഭാര്യ സീനയോട് നേരത്തെ പറഞ്ഞിരുന്നു. മൃതദേഹം പഠിക്കാൻ നൽകണമെന്നും നിർദ്ദേശിച്ചതും പാർട്ടി നേതാക്കളെ സീന അറിയിച്ചു.

ബ്രിട്ടോ പഠിച്ച ബിഹാറിലെ പാട്ന സർവകലാശാലയിലായിരുന്ന സീനയും മകൾ കയിനാലായും ഇന്നലെ രാത്രി തിരിച്ചെത്തി. ബ്രിട്ടോ രചിച്ച പുസ്തകത്തിന് വേണ്ടി ചില രേഖകൾ ശേഖരിക്കാനായിരുന്നു ഇവരുടെ യാത്ര.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ഏഴിന് വടുതലയിലെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിക്കും.