കൊച്ചി : കേരള ഹൈക്കോടതിയിലും കർണ്ണാടക ഹൈക്കോടതിയിലും ജഡ്‌ജിയായിരുന്ന ജസ്റ്റിസ് പി. കൃഷ്‌ണമൂർത്തി (83) അന്തരിച്ചു. വൃക്ക - ഹൃദയ രോഗങ്ങളെത്തുടർന്ന് ഒരുമാസമായി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് അന്ത്യം. കോട്ടയം തിരുവാർപ്പിലെ മങ്കൊമ്പ് മഠം കുടുംബാംഗമാണ്.
1960 ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. അഡ്വ. ടി.എസ്. കൃഷ്‌ണമൂർത്തി അയ്യരുടെ ജൂനിയറായാണ് പ്രാക്ടീസ് തുടങ്ങിയത്. 1983 ൽ സീനിയർ ഗവൺമെന്റ് പ്ളീഡറായി. 1989ൽ കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്‌ജിയായി. 1994ൽ കർണ്ണാടക ഹൈക്കോടതിയിലെത്തി. 1997 ൽ വിരമിച്ചശേഷം 2014 വരെ സുപ്രീം കോടതിയിൽ അഭിഭാഷകനായിരുന്നു.
സിവിൽ കേസുകളിലാണ് അദ്ദേഹം ശ്രദ്ധയൂന്നിയത്. എറണാകുളം പുല്ലേപ്പടി കൃഷ്‌ണസ്വാമി റോഡിലെ കാർത്തികയിലായിരുന്നു താമസം. മൃതദേഹം ഇന്ന് രാവിലെ എട്ടു മണിയോടെ പുല്ലേപ്പടിയിലെ വസതിയിലെത്തിക്കും. സംസ്കാരം ഇന്ന് രാവിലെ 11 ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ : പ്രേമി, മക്കൾ : ഉമ (അസി. മാനേജർ, എസ്.ബി.ഐ, ബംഗളൂരു), അഡ്വ. പ്രിയ (യു.എസ്.എ). മരുമക്കൾ : വിശ്വനാഥൻ (എൻജിനീയർ, കാറ്റർപില്ലർ), സന്തോഷ് (യു.എസ്.എ).