കൊച്ചി : ചുരിദാർ വേഷത്തിലുള്ള ചിത്രം ഫേസ്ബുക്കിലിട്ട് സിസ്റ്റർ ലൂസി കളപ്പുര വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന സമരത്തിൽ പങ്കെടുത്തതിന് സഭാനടപടി നേരിട്ട കന്യാസ്ത്രീയാണ് ലൂസി കളപ്പുര. കന്യാസ്ത്രീകൾ സഭാവസ്ത്രം മാത്രമേ ധരിക്കാറുള്ളൂ. എന്നാൽ അച്ചന്മാർ സാധാരണ വസ്ത്രവും അണിയാറുണ്ട്. ഈ വിവേചനം കൂടി പരാമർശിക്കുന്നതാണ് സിസ്റ്ററുടെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്
രാഷ്ട്രീയ, വർഗ, മത വ്യത്യാസങ്ങൾക്ക് അതീതമായി സ്ത്രീ ശാക്തീകരണം മാത്രമാണ് ലക്ഷ്യമെങ്കിൽ വനിതാമതിലിന് എല്ലാവിധ ആശംസകളും നേരുന്നു. ഞാനൊരു യാത്രയിലാണ്. സൗകര്യത്തിനായി സാധാരണ ഭാരതവേഷം ധരിച്ചിരിക്കുന്നു. അതുകണ്ട് പുരോഹിതന്മാർ നെറ്റി ചുളിക്കുകയോ ചങ്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയോ വേണ്ട. അൾത്താരയിൽ കുർബാന അർപ്പിച്ചശേഷം എന്തു വേഷവും സമയത്തും അസമയത്തും വൈദികർക്കാകാം. അൾത്താരയിൽ പൂക്കൾ വയ്‌ക്കുകയും അടിച്ചുവാരുകയും തുണിയലക്കുകയും ചെയ്യുന്ന കന്യാസ്ത്രീകൾക്ക് എല്ലാം നിഷിദ്ധം. വിദേശ സന്യാസിനികൾ ഇന്ത്യയിലെത്തുമ്പോൾ കാലാവസ്ഥയ്‌ക്ക് യോജിച്ച സാരി, ചുരിദാർ തുടങ്ങിയവ ധരിക്കുന്നു. കേരള കന്യാസ്ത്രീകൾ വിദേശവസ്ത്രവും ധരിച്ചുനടക്കുന്നു. കൂടുതൽ സംസാരിക്കാനുണ്ട്, പിന്നീടാകാം.