sabarimala
ആലുവയിൽ ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

ആലുവ: വിശ്വാസികളെ കബളിപ്പിച്ച് ശബരിമലയിൽ സർക്കാരും പൊലീസും ചേർന്ന് ആചാരലംഘനം നടത്തിയെന്നാരോപിച്ച് ശബരിമല കർമ്മ സമിതി ആലുവയിൽ നടത്തിയ പ്രതിഷേധം നഗരത്തെ നിശ്ചലമാക്കി. മുദ്രാവാക്യം വിളികളുമായി റോഡ് നിറഞ്ഞ് നീങ്ങിയ പ്രകടനം ചെറുവാഹനത്തെ പോലും കടത്തിവിട്ടില്ല. വഴിയോരങ്ങളിൽ സ്ഥാപിച്ചിരുന്ന വനിതാമതിലിന്റെ പ്രചരണ ബോർഡുകളെല്ലാം തകർത്തു. ടൗൺ ഹാളിന് സമീപം സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലേക്കുള്ള വഴിയിൽ നിന്ന് പ്രകടനക്കാർ സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി. ചിലർ സി.പി.എം ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസും മുതിർന്ന നേതാക്കളും ഇടപ്പെട്ട് തടഞ്ഞു. ബാങ്ക് കവലയിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി തിരികെ ബാങ്ക് കവലയിലെത്തിയപ്പോൾ സി.പി.എമ്മിന്റെ കൊടിമരത്തിൽ കെട്ടിയിരുന്ന കൊടിയഴിച്ച് അഗ്നിക്കിരയാക്കി.

തുടർന്ന് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ റോഡിൽ കിടന്ന് വഴി തടഞ്ഞു. അദ്വൈതാശ്രമത്തിന് സമീപം പ്രകടനത്തെ മറികടന്ന് മുന്നോട്ട് പോകാൻ കഴിയാത്തതിനെ തുടർന്ന് ചില ഇരുചക്ര വാഹനങ്ങൾ നിർത്താതെ ഹോൺ മുഴക്കിയത് ചെറിയ തോതിൽ സംഘർഷത്തിനിടയാക്കി. പൊലീസ് ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.

ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ്, ജനറൽ സെക്രട്ടറി രൂപേഷ് പൊയ്യാട്ട്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ദിനിൽ ദിനേശ്, നഗരസഭ കൗൺസിലർ എ.സി. സന്തോഷ് കുമാർ, അനിൽ കടവിലാൻ, സലീഷ് ചെമ്മണ്ണൂർ, കബിത അനിൽകുമാർ, പ്രീത രവീന്ദ്രൻ, കെ. രഞ്ജിത്ത്, രാജീവ് മുതിരക്കാട്, എം.കെ. രാജീവ്, ശശി തുരുത്ത്, ഉണ്ണിക്കണ്ണൻ നായർ, മിഥുൻ ചെങ്ങമനാട് എന്നിവർ നേതൃത്വം നൽകി.