gothuruth-fest-end-
ഗോതുരുത്ത് ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് നടന സാംസ്കാരിക സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : രണ്ടു ദിനങ്ങളിലായി നടന്ന ‘ഗോതുരുത്ത് ഫെസ്റ്റ് – 2019 സമാപിച്ചു. ഫെസ്റ്റിലേക്ക് ഗ്രാമവാസികൾക്കൊപ്പം സമീപപ്രദേശങ്ങളിൽ നിന്ന് ഒട്ടേറെപ്പേരുമെത്തി. സമാപനദിനത്തിൽ ഗ്രാമത്തെ വർണാഭമാക്കി ഗോതുരുത്ത് കാർണിവൽ നടന്നു. സാംസ്ക്കാരിക സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടകരായ ഗോതുരുത്ത് മുസിരിസ് ഹെറിറ്റേജ് ഡവലപ്മെന്റ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് കെ.ഒ. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ്‌ ബോസ് കൃഷ്ണമാചാരി, മുസിരിസ് പ്രൊജക്റ്റ് ലിമിറ്റഡ് എം.ഡി പി.എം.നൗഷാദ് എന്നിവർ മുഖ്യാതിഥികളായി. പ്രളയ ദിനങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ ഗോതുരുത്ത് നിവാസികളെയും പുറമെ നിന്നെത്തിയവരെയും സർക്കാർ തലത്തിൽ ഉള്ളവരെയും ഗോതുരുത്ത് പ്രവാസി അസോസിയേഷന്റെയും വ്യക്തികളുടെയും സഹകരണത്തോടെ ആദരിച്ചു.

മൂന്നു മണിക്കൂർ നീണ്ട ‘വിസ്മയരാവ്’ നൃത്തസന്ധ്യയും ടിപ്പു സുൽത്താൻ ചവിട്ടുനാടകവും അരങ്ങേറി. നാളെയുടെ മാതൃകാഗ്രാമായി ഗോതുരുത്തിനെ ഉയർത്തുന്നതിനാവശ്യമായ പദ്ധതികളുടെ രൂപരേഖ ‘വിഷൻ – 2025’ പ്രകാശിപ്പിച്ചു.