simon-britto

കൊച്ചി: സൈമൺ ബ്രിട്ടോയ്ക്കു രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി. വടുതലയിലെ വസതിയിലും പിന്നീട് എറണാകുളം ടൗൺ ഹാളിലും പൊതുദർശനത്തിനുവെച്ച മൃതദേഹം കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി. അമ്മ ഐറീൻ റോഡ്രിഗ്‌സ്, ഭാര്യ സീന, മകൾ കയീനില എന്നിവരുടെ സ്‌നേഹ ചുംബനങ്ങൾക്കുശേഷം മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹംപോലെ കളമശേരി മെഡിക്കൽ കോളേജിനു കൈമാറി.

തിങ്കളാഴ്ച തൃശൂരിലാണ് ബ്രിട്ടോ ഹൃദയാഘാതം മൂലം അന്തരിച്ചത്. ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്‌സിക്കുട്ടിയമ്മ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജൻ, നടൻ മമ്മൂട്ടി, മഹാരാജാസ് കോളജിൽ കുത്തേറ്റുമരിച്ച അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരൻ, അമ്മ ഭൂപതി എന്നിങ്ങനെ നിരവധിപ്പേർ വീട്ടിലെത്തിയിരുന്നു.

11ന് വിലാപയാത്ര എത്തുംമുമ്പേ ടൗൺഹാൾ പരിസരം നിറഞ്ഞുകവിഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, സി.പി.എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ എം.സി. ജോസഫൈൻ, എ.ആർ. സിന്ധു, ജസ്റ്റിസ് വി.കെ. മോഹനൻ, നടൻമാരായ ഇന്ദ്രൻസ്, അനൂപ് ചന്ദ്രൻ, സംവിധായകരായ രാജീവ് രവി, അമൽ നീരദ്, സാമൂഹ്യ പ്രവർത്തകൻ സ്വാമി അഗ്‌നിവേശ് തുടങ്ങിയവർ ടൗൺഹാളിൽ ആദരാഞ്ജലിയർപ്പിക്കാനെത്തി. തുടർന്ന് പൊലീസിന്റെ ഗാർഡ് ഒഫ് ഓണറിന് ശേഷം മൃതശരീരം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനിൽനിന്ന് എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പീറ്റർ സി. വാഴയിലും ആർ.എം.ഒ ഡോ. ഗണേഷ് മോഹനും ചേർന്ന് ഏറ്റുവാങ്ങി.