sabarimala

കൊച്ചി: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെതിരെ എറണാകുളത്ത് വ്യാപക പ്രതിഷേധം. ശബരിമല കർമ്മ സമിതിയും ബി.ജെ.പിയും വിവിധ ഹിന്ദു സംഘടനകളും നേതൃത്വം നൽകിയ പ്രതിഷേധ സമരങ്ങൾ ജില്ലയിൽ പലയിടങ്ങളിലും അക്രമാസക്തമായി. റോഡ് ഉപരോധവും കടകൾ അടപ്പിക്കലുമുണ്ടായി.

പറവൂർ വടക്കേകരയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ ബി.ജെ.പി പ്രവർത്തകരുടെ ഫോട്ടോയെടുത്ത ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥ ഷീജയ്ക്ക് (40) നേരെ ആക്രമണമുണ്ടായി. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഷീജയെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ ആലുംമാവിന് സമീപം വച്ച് ഗുരുവായൂർക്ക് പോയ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു. വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. എറണാകുളം ഡിപ്പോയിലെ ഡ്രൈവർ മുവാറ്റുപുഴ സ്വദേശി രാജേഷിന്റെ കൈത്തണ്ടയിൽ ചെറിയ മുറിവേറ്റു.

യുവതികൾ ദർശനം നടത്തിയതിൽ സന്തോഷം പ്രകടിപ്പിക്കാനായി എറണാകുളം നഗരത്തിൽ വഞ്ചി സ്ക്വയറിൽ മധുരം വിതരണം ചെയ്ത് ഒത്തുകൂടിയ 'ആർപ്പോ ആർത്തവം' പ്രവർത്തകർക്കുനേരെ പ്രതിഷേധക്കാരുടെ കൈയേറ്റമുണ്ടായി. സെൻട്രൽ സി.ഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘം പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. ശബരിമല കർമ്മ സമിതി പ്രവർത്തകരായ സിന്ധുമോൾ, സജിനി തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കി. പട്ടിമറ്റത്ത് പ്രതിഷേധ മാർച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. കുന്നത്തുനാട് എസ്.ഐ ടി. ദിലീഷ്, ബി.ജെ.പി കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് മനക്കേക്കര തുടങ്ങിയവർക്ക് പരിക്കേറ്റു. 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 50 ഒാളം പേർക്കെതിരെ കേസെടുത്തു.

കോതമംഗലത്ത് പ്രതിഷേധക്കാർ ഏതാനും കടകൾ അടപ്പിച്ചു. മൂവാറ്റുപുഴയിൽ രാവിലെ ആരംഭിച്ച പ്രതിഷേധം ഉച്ചവരെ നീണ്ടു. പ്രവർത്തകർ റോഡിൽ ടയർ കൂട്ടിയിട്ട് കത്തിച്ചതിനെത്തുടർന്ന് ഗതാഗതം സ്തംഭിച്ചു. വരാപ്പുഴയിലും പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു.