കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി സംസ്ഥാനത്തു തുടരുന്ന സംഘർഷങ്ങൾക്കും അക്രമങ്ങൾക്കും കലാപത്തിനും പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ആരോപിച്ചു. യുവതികളെ സി.പി.എമ്മും സർക്കാരും വിളിച്ചുവരുത്തി കയറ്റുകയായിരുന്നെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സുപ്രീംകോടതി വിധി സമന്വയത്തോടെയും പക്വതയോടെയും സാവകാശം തേടിയും നടപ്പാക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. മുഖ്യമന്ത്രിയുടെ അധികാരഭ്രമവും ധാർഷ്ഠ്യവുമാണ് സ്ഥിതി വഷളാക്കിയത്.
യുവതികൾ ശബരിമലയിൽ സ്വയം വന്നതല്ല. സർക്കാർ സ്‌പോൺസർ ചെയ്തു കൊണ്ടുപോയതാണ്.
അക്രമിക്കാൻ വരുന്ന ശത്രുരാജ്യത്തിന്റെ സൈന്യത്തെ നിഗ്രഹിക്കാൻ വേഷംമാറി പൊരുതുന്ന പ്ളാഗ് എന്ന ദൗത്യം പോലെയാണ് പൊലീസ് പെരുമാറിയത്. സർക്കാർ ശത്രുവായി കണ്ടത് അയ്യപ്പവിശ്വാസികളെയാണ്. യുവതീപ്രവേശത്തിന്റെ പേരിൽ സംഘപരിവാറും ബി.ജെ.പിയും നടത്തുന്ന അക്രമങ്ങളെ ന്യായീകരിക്കാനാവില്ല. അവരുടെ അജണ്ടയ്ക്ക് വേണ്ട അവസരം ഒരുക്കുകയാണ് മുഖ്യമന്ത്രി.
വനിതാമതിലെന്ന വർഗീയമതിലിൽ പങ്കെടുത്തവരും മുഖ്യ സംഘാടകരായി നിന്നവരും യുവതീപ്രവേശനത്തെ തള്ളിപ്പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ ശക്തമായ അഭിപ്രായം തുറന്നുപറയാൻ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദും പങ്കെടുത്തു.