മൂവാറ്റുപുഴ: ശബരിമല കർമ്മസമിതിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താൽ മൂവാറ്റുപുഴയിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. കെ.എസ്. ആർ.ടി.സി, സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും വിവാഹ പാർട്ടികളുടേയും, അയ്യപ്പഭക്തരുടേയും വാഹനങ്ങൾ തടസങ്ങളില്ലാതെ ഓടി. സർക്കാർ ഓഫീസുകളും സഹകരണ ബാങ്കുകളും തുറന്നു പ്രവർത്തിച്ചു.
കർമ്മസമിതി, ബി.ജെ.പി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. വെള്ളൂർക്കുന്നത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധിപേർ പങ്കെടുത്തു . കച്ചേരിത്താഴം , പി.ഒ. ജംഗ്ഷൻ, 130 ജംഗ്ഷൻ, ആരക്കുഴ റോഡ് ,കീച്ചേരിപ്പടി, എവറസ്റ്റ് ജംഗ്ഷൻ വഴി നെഹ്റു പാർക്കിൽ സമാപിച്ചു. തുടർന്നു നടന്ന യോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. അപ്പു, കർമ്മസമിതി താലൂക്ക് സമിതി നേതാക്കളായ ജയകൃഷ്ണൻ നായർ, എസ്. സന്തോഷ്‌കുമാർ, ആർ.എസ്.എസ്, ബി.എം.എസ്. നേതാക്കളായ എച്ച്. വിനോദ്, പി.കെ. ശ്രീജിത്, ജിതിൻ രവി, ബി.ഡി.ജെ.എസ് നേതാവ് ഷൈൻ കെ. കൃഷ്ണൻ , ബി.ജെ.പി നേതാക്കളായ എ.എസ്. വിജുമോൻ, സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളി, ആർ. ജയറാം, എസ്. സുദീഷ്, തങ്കുക്കുട്ടൻ എന്നിവർ സംസാരിച്ചു.
ഇതിനിടെ ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനത്തിനെതിരെ കീച്ചേരിപ്പടിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് ഇടപപെട്ട് ഇരുകൂട്ടരേയും മാറ്റിവിട്ടു. നഗരത്തിൽ തുറന്നു പ്രവർത്തിച്ചിരുന്ന കടകൾ പ്രകടനത്തിനിടെ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.