കൂത്താട്ടുകുളം : ഹർത്താൽ അനുകൂലികൾ കൂത്താട്ടുകുളത്ത് കട അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. രാവിലെ മുതൽ തുറന്നു പ്രവർത്തിച്ച കൂത്താട്ടുകുളം ഗവ. സർവന്റ്സ് സഹകരണ സ്ഥാപനത്തിന്റെ സ്റ്റോറിന്റെ ഷട്ടർ ബി.ജെ.പി, കർമ്മസമിതി പ്രവർത്തകർ ബലമായി അടച്ചു. സ്ഥലത്തുണ്ടായിരുന്ന എൽ.ഡി.എഫ് പ്രവർത്തകർ ഇടപെട്ട് തുറന്നതോടെ സംഘർഷമുണ്ടായി. കൂത്താട്ടുകുളം പൊലീസെത്തി മധു (47), സോമൻ (47) എന്നീ ബി.ജെ.പി.പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഹർത്താൽ അനുകൂലികൾ രാവിലെ പ്രകടനം നടത്തി പിരിഞ്ഞതിനുശേഷം ഉച്ചകഴിഞ്ഞ് 2 മണിയോടെ തിരിച്ചെത്തിയാണ് സ്റ്റോർ അടപ്പിക്കാൻ ശ്രമിച്ചത്. കൂത്താട്ടുകുളത്ത് സഹകരണ സ്ഥാപനങ്ങൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയൊഴികെ കടകൾ അടഞ്ഞുകിടന്നു.
ഹർത്താൽ പൂർണമായിരുന്നു. കൂത്താട്ടുകുളം, ഇലഞ്ഞി, തിരുമാറാടി പഞ്ചായത്തുകളിൽ കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. കൂത്താട്ടുകുളത്ത് നടന്ന പ്രകടനത്തിന് ഷാജി കണ്ണംകോട്ടിൽ, പി.ആർ. വിജയകുമാർ, എൻ.കെ. വിജയൻ എം.ഡി. ദിവാകരൻ, പി.സി. അജയഘോഷ്, കെ.കെ. ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി. തിരുമാറാടിയിൽ എൻ.എം. സതീശൻ, ടി.കെ. ഗോപി, എം.എസ്. രാധാകൃഷ്ണൻ, രാജേഷ് ഒലിയപ്പുറം, ടി.കെ. മോഹനൻ, പ്രദീപ് കുമാർ, പി.ജി. സുരേന്ദ്രൻ, സുനീഷ് മണ്ണത്തൂർ എന്നിവരും ഇലഞ്ഞി ടൗണിൽ ഡി. ഹരിദാസ്, കെ. രാജേഷ്, രാമപ്രസാദ് ചെറുവള്ളി മന, സി.ഡി. അശോകൻ, സി. സജീവൻ, അജി കുറുമഠം, ശിവദാസ് വാദ്ധ്യാർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗത്തിൽ ഇലഞ്ഞിക്കാവ് ക്ഷേത്രം പ്രസിഡന്റ് ശ്രീകുമാർ ശ്രീനിലയം, ശശി ചന്ദ്രകാന്തം എന്നിവർ സംസാരിച്ചു.