സംരക്ഷണം വിശിഷ്ട വ്യക്തികൾക്കും കോടതി ഉത്തരവുള്ളവർക്കും മാത്രമാക്കണം
കൊച്ചി : ശബരിമലയിൽ എത്തുന്ന യുവതികൾക്ക് പൊലീസ് പ്രത്യേക സംരക്ഷണം നൽകുന്നതിനെതിരെ ഹൈക്കോടതി നിരീക്ഷണ സമിതി റിപ്പോർട്ട് നൽകി. സീസൺ കഴിയും വരെ വിശിഷ്ട വ്യക്തികൾക്കും കോടതി ഉത്തരവുമായി എത്തുന്നവർക്കും മാത്രമായി സംരക്ഷണം പരിമിതപ്പെടുത്താനും റിപ്പോർട്ടിൽ പറയുന്നു.
ദേവസ്വം ഓംബുഡ്സ്‌മാൻ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരുൾപ്പെട്ടതാണ് സമിതി.
ഡിസംബർ 23 ന് മനിതി പ്രവർത്തകരും 24 ന് കനക ദുർഗ്ഗ, ബിന്ദു എന്നിവരും എത്തിയെങ്കിലും ജനക്കൂട്ടം തടഞ്ഞതിനാൽ മടങ്ങേണ്ടി വന്നു. ഇരു കൂട്ടർക്കും പൊലീസ് പ്രത്യേക സംരക്ഷണമൊരുക്കിയത് മറ്റു ഭക്തരുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഭക്തർക്ക് മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വന്നു.
കനകദുർഗ്ഗയും ബിന്ദുവും എത്തിയപ്പോഴുണ്ടായ സംഭവങ്ങളെത്തുടർന്ന് പൊലീസ് തീർത്ഥാടകരെ നിയന്ത്രിച്ചതോടെ വാഹനങ്ങളുടെ ക്യൂ നിലയ്ക്കലിനു പുറത്ത് 20 കിലോമീറ്ററോളം നീണ്ടു. ഇത്തരം പൊലീസ് സംരക്ഷണം ഭക്തരെ ബുദ്ധിമുട്ടിലാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ
കാനനപാതയിൽ മണിക്കൂറുകൾ കാത്തു നിൽക്കുന്നതിലുള്ള പ്രയാസങ്ങൾക്ക് പുറമേ തിരക്കു നിമിത്തം ഭക്തർ വീണു പരിക്കേൽക്കാനും മരണമടയാനും സാദ്ധ്യത.
മകര വിളക്ക് അടുക്കുന്നതോടെ ഭക്തരുടെ എണ്ണം ദിവസം 1.5 ലക്ഷം കവിയും. പ്രത്യേക സംരക്ഷണത്തിന് പൊലീസ് തുനിഞ്ഞാൽ സാധാരണ ഭക്തർ ബുദ്ധിമുട്ടിലാകും.
സ്ത്രീകളുടെ സംരക്ഷണത്തിനായി മറ്റു ഭക്തരെ കാത്തു നിറുത്തുന്നതും കുട്ടികളും സ്ത്രീകളുമുൾപ്പെടുന്ന ഭക്തരെ ഭീതിയാലാഴ‌്‌ത്തുന്നതും മനുഷ്യാവകാശ ലംഘനം.
വരും ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് സമാന സംഭവങ്ങൾ തടഞ്ഞില്ലെങ്കിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണ ഭക്തർക്ക് സുരക്ഷയും സുഗമമായ ദർശനവും ഒരുക്കാൻ പൊലീസിന് കഴിയുമോയെന്ന് സംശയം.
ഒന്നോ രണ്ടോ വ്യക്തികൾക്ക് സംരക്ഷണം ഒരുക്കുന്നത് വിവേകരഹിതം.