perumbavoor-harthal
പെരുമ്പാവൂരിൽ സമരക്കാർ നടത്തിയ പ്രകടനം ഔഷധി ജംഗ്ഷനിൽ പൊലീസ് തടയുന്നു

പെരുമ്പാവൂർ: ഹർത്താൽ പെരുമ്പാവൂരിൽ ഭാഗികമായിരുന്നു. വ്യാപാരികൾ നിസഹകരണവുമായി എത്തി കടകൾ തുറന്നെങ്കിലും ഹർത്താൽ അനുകൂലികൾ ബലമായി കടകൾ അടപ്പിക്കാനും വാഹനയാത്രക്കാരെ തടയാൻ ശ്രമിച്ചതും നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഹർത്താൽ അനുകൂലികളും എതിർക്കുന്നവരും ഇരുവശത്തുമായി നിലയുറപ്പിച്ചതോടെ സംഘർഷത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും പൊലീസിന്റെ ഇടപെടലിൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. പൊലീസ് ലാത്തി വീശിയതോടെ സമരക്കാർ ചിതറിയോടി.

രാവിലെ കടകൾ അടപ്പിച്ചും വഴിതടഞ്ഞും ഹർത്താൽ അനുകൂലികൾ എത്തിയെങ്കിലും എതിർക്കുന്നവർ മറുഭാഗത്ത് നിലയുറപ്പിച്ചു. ഹർത്താൽ അനുകൂലികൾ ഔഷധി ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. രണ്ട് മണിക്കൂറിലധികം മുദ്രാവാക്യവും പരസ്പരപോർ വിളികളുമായി പ്രവർത്തകർ നഗരത്തെ സ്തംഭിപ്പിച്ചെങ്കിലും പൊലീസ് ഇടപെട്ട് എല്ലാവരെയും തിരിച്ചയക്കുകയായിരുന്നു.

ഹർത്താൽ അനുകൂലികളായ എട്ടുപേരെയും എസ്.ഡി.പി.ഐ പ്രവർത്തകരായ രണ്ടുപേരെയും പൊലീസ് അറസ്റ്റുചെയ്തു.

ഭൂരിഭാഗം കടകളും തുറന്ന് പ്രവർത്തിച്ചു. സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയിരുന്നു. കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയില്ല. ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. വൈകിട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി.