കൊച്ചി: കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ പരാതിക്കാരി നടി ലീന മരിയ പോളും അധോലോക നേതാവ് രവി പൂജാരയും ഒത്തുതീർപ്പിലെത്തിയെന്ന സംശയത്തിൽ പൊലീസ്. കേസിൽ വീണ്ടും മൊഴി രേഖപ്പെടുത്താനുണ്ടെന്ന് ദിവസങ്ങൾക്ക് മുമ്പേ ലീനയെ പൊലീസ് അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെ ഇവർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. തുടരെ ഹാജരാകാതെ വന്നതോടെയാണ് ഇരുവരും ഒത്തുതീർപ്പിലെത്തിയോ എന്ന സംശയം പൊലീസിനുള്ളത്. കേസുമായി മുന്നോട്ട് പോകാൻ ലീനയ്ക്ക് താത്പര്യമില്ലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
ആദ്യം അഞ്ച് കോടിയും പിന്നീട് 25 കോടി രൂപയുമാണ് രവി പൂജാര നടിയോട് ആവശ്യപ്പെട്ടിരുന്നത്. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണി. രവി പൂജാരയ്ക്കായി മൂന്ന് സംഘങ്ങളായി അന്വേഷണം നടത്തുന്നതിനൊപ്പം ലീനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.
എങ്ങുമെത്താതെ അന്വേഷണം
വെടിവയ്പ്പ് കേസിന്റെ അന്വേഷണത്തിൽ ഇതുവരെ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. അധോലോക നായകൻ രവി പൂജാരയുടേതെന്ന പേരിൽ ലീനയ്ക്ക് ലഭിച്ച ഭീഷണി ഫോൺ സന്ദേശങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണവുമായി പൊലീസ് മുന്നോട്ട്പോകുന്നത്. വെടിവയ്പ്പ് നടത്തിയ രണ്ടുപേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ നെയ്ൽ ആർടിസ്ട്രി ബ്യൂട്ടി പാർലറിൽ ഡിസംബർ 15ന് ഉച്ചയ്ക്ക് 2.50നാണ് വെടിവയ്പുണ്ടായത്. ബൈക്കിൽ എത്തിയ രണ്ട് പേർ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. രണ്ടു പേരും ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നു. ഒരാൾ ബൈക്കിനടുത്തു തന്നെ നിന്നു. രണ്ടാമൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സലൂണിലേക്കുള്ള ചവിട്ടുപടികളിൽ വച്ച് എയർപിസ്റ്റൾ കൊണ്ട് വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ഓടിയെത്തുമ്പോഴേക്കും അക്രമികൾ ബൈക്കിൽ കടന്നുകളഞ്ഞു. ഇവർക്കായുള്ള അന്വേഷണവും വഴി മുട്ടിയിരിക്കുകയാണ്.
റിപ്പോർട്ട് കിട്ടിയില്ല
ശബ്ദരേഖകൾ പരിശോധിച്ചതിൽ നിന്ന് ലീനയെ വിളിച്ചത് രവി പൂജാര തന്നെയെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, പരിശോധന റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ല. ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പി.പി ഷംസ്, തൃക്കാക്കര എ.സി.പി, അന്വേഷണ സംഘത്തലവൻ