olmpic

കൊച്ചി: കേരള ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നേരത്തേ നിശ്ചയിച്ചതുപ്രകാരം 14ന് എറണാകുളം കോമ്പാറയിലെ അസോസിയേഷൻ തിരഞ്ഞെടുപ്പു കമ്മിഷണറുടെ ഒാഫീസിൽ വച്ച് ഇലക്‌ഷൻ നടത്താനും ഇടക്കാല ഉത്തരവിൽ പറയുന്നു.

തിരഞ്ഞെടുപ്പിന് ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ കോടതി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. കായിക ഫെഡറേഷനുകളെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണോ തിരഞ്ഞെടുപ്പ് വേദി മാറ്റിയതെന്ന് ചോദിച്ച കോടതി കേരളം പോലെ ക്രമസമാധാന നില ഭദ്രമായ സ്ഥലത്തുനിന്ന് ഇലക്‌ഷൻ മാറ്റേണ്ട കാര്യമില്ലെന്ന് നിരീക്ഷിച്ചു.

തിരഞ്ഞെടുപ്പ് ഡൽഹിയിലേക്ക് മാറ്റിയതിനെതിരെ ഒരുകൂട്ടം വോട്ടർമാരാണ് ഹർജി നൽകിയത്.

അസോസിയേഷന്റെ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് 2018 ഫെബ്രുവരിയിൽ അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പ് അനന്തമായി നീണ്ടതിനെത്തുടർന്നുള്ള ഹർജിയിൽ ഹൈക്കോടതിയാണ് അസോസിയേഷൻ തിരഞ്ഞെടുപ്പിന് കമ്മിഷണറെ നിയോഗിച്ചത്. കഴിഞ്ഞ നവംബർ 20നാണ് തിരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ തലേന്ന് രാത്രി തിരഞ്ഞെടുപ്പിൽ സർക്കാർ ഇടപെടലുകൾ ഉണ്ടായതായി ആരോപിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. തുടർന്ന് കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം 14ന് പുതിയ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. എന്നാൽ കഴിഞ്ഞ ആഴ്ച ചേർന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ ബോഡിയോഗം ഏകപക്ഷീയമായി തിരഞ്ഞെടുപ്പ് ഡൽഹിയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നെന്ന് ഹർജിക്കാർ ആരോപിക്കുന്നു.