car
പൂപ്പാനി റോഡിയോ കികോസ്‌ക് ഭാഗത്തെ കൊടും വളവിൽ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട കാർ

പൂപ്പാനി: കോടനാട്, മലയാറ്റൂർ ഭാഗങ്ങളിലേക്ക് വിനോദ സഞ്ചാരികളും തീർത്ഥാടകരും പോകുന്ന പ്രധാന റോഡിൽ പൂപ്പാനി റേഡിയോ കിയോസ്‌ക് ഭാഗത്തെ കൊടും വളവിൽ അപകടങ്ങൾപതിവാകുന്നു. കുത്തനെയുള്ള ഇറക്കവും റോഡിന് വീതിയില്ലാത്തതുമാണ് കാരണം. കഴിഞ്ഞ ദിവസം കാർ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റതാണ് ഏറ്റവും ഒടുവിലുണ്ടായത്.

 വീതികുറവും കുത്തനെ ഇറക്കവും

നഗരത്തിൽ നിന്ന് അര കിലോ മീറ്റർമാത്രം ദൂരമുള്ള ഈ ഭാഗത്തെ റോഡിന് വീതി കുറവാണെന്ന് മാത്രമല്ല കൊടും വളവും കുത്തനെ ഇറക്കവുമാണ്. ഇറക്കം ഇറങ്ങുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽ താഴെ നിന്നുള്ള വാഹനങ്ങളും കാൽനട യാത്രക്കാരും പതിയില്ല. ഇവിടെ റോഡ് വീതി കൂട്ടി വളവില്ലാതാക്കണമെന്ന ആവശ്യത്തിന് നേരെ അധികാരികൾ കണ്ണടയ്ക്കുകയാണ് .

 കൈയേറ്റം ഒഴിപ്പിക്കുന്നില്ല

റോഡരികിലുള്ള മൂന്ന് ഏക്കറോളം ഭൂമി പുറമ്പോക്കാണ്. പക്ഷേ കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ നടപടിയില്ലെന്നാണ് പരാതി. മലയാറ്റൂർ പാലം വന്നതോടെ സദാ തിരക്കുള്ള റോഡിൽ വാഹനങ്ങൾ ഇരട്ടിയായി. കോടനാട് അഭയാരണ്യം ഉൾപ്പെടെ ടൂറിസ്റ്റ് ഭൂപടത്തിൽ സ്ഥാനം നേടിയതോടെ വിദേശികൾ ഉൾപ്പെടെയുള്ളവരുടെ തിരക്കാണ്. എം.സി റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ ഇവിടങ്ങളിലേക്ക് സൗകര്യപ്രദമായ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത് പൂപ്പാനി റോഡാണ്. പൂപ്പാനിയിൽ രണ്ട് സ്വകാര്യ സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും നിരവധിയാണ്.

 ആൽമരം പറഞ്ഞ്

ഒഴിഞ്ഞുമാറൽ

റോഡരികിൽ നിൽക്കുന്ന ആൽമരമാണ് സ്ഥലം അളന്നെടുക്കാൻ തടസമായി പറയുന്നത്. എന്നാൽ ആൽമരം നിലനിർത്തിക്കൊണ്ട് റോഡ് വീതികൂട്ടാനുള്ള സ്ഥലം ഇവിടെയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡ് അളന്ന് വീതി കൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് വകുപ്പിന് നൽകിയ അപേക്ഷ പത്ത് മാസത്തോളമായി താലൂക്ക് ഓഫീസിലെ ഫയലിൽ വിശ്രമിക്കുകയാണ്. തുടർ നടപടികൾ സ്വീകരിച്ച് റോഡിന് വീതി കൂട്ടി അപകടങ്ങൾ ഒഴിവാക്കണമെന്നാണ് ആവശ്യം.