നെടുമ്പാശേരി: സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) 31 കോടി രൂപ കൈമാറി. സിയാൽ മാനേജിംഗ് ഡയറക്‌ടർ വി.ജെ. കുര്യനിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചെക്ക് ഏറ്റുവാങ്ങി. സിയാൽ ഡയറക്‌ടർമാരായ മന്ത്രി വി.എസ്. സുനിൽകുമാർ, എം.എ. യൂസഫ് അലി, എൻ.വി. ജോർജ്, കെ. റോയ്‌പോൾ, എ.കെ. രമണി, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ സംബന്ധിച്ചു.
സിയാലിൽ 32.42 ശതമാനം ഓഹരി പങ്കാളിത്തമാണ് സർക്കാരിനുള്ളത്. 2016-17ലും സിയാൽ 31 കോടി രൂപയുടെ ലാഭവിഹിതം കൈമാറിയിരുന്നു. 2017-18ൽ 158.42 കോടി രൂപയുടെ ലാഭമാണ് സിയാൽ കുറിച്ചത്. 553.42 കോടി രൂപയാണ് വരുമാനം. ഉപസ്ഥാപനങ്ങളുടെ പ്രവർത്തനഫലം കൂടിച്ചേരുമ്പോൾ വരുമാനം 701.13 കോടി രൂപയും ലാഭം 172.33 കോടി രൂപയുമാണ്. 25 ശതമാനം ലാഭവിഹിതമാണ് 2017-18ൽ നിക്ഷേപകർക്ക് നൽകുന്നത്. 2003-04 മുതൽ തുടർച്ചയായി ലാഭവിഹിതം നൽകാൻ സിയാലിന് സാധിച്ചിട്ടുണ്ട്. നിക്ഷേപത്തിന്റെ 228 ശതമാനം ഇതിനകം ലാഭവിഹിതമായി സിയാൽ മടക്കി നൽകിക്കഴിഞ്ഞു.