കൊച്ചി : ശബരിമലയിൽ പ്ളാസ്റ്റിക് നിരോധന ഉത്തരവ് ലംഘിക്കുന്ന കടകൾ അടച്ചു പൂട്ടേണ്ടതല്ലേയെന്നും ഇത്തരം കടകൾ ദേവസ്വം ബോർഡ് അനുവദിക്കുന്നതെന്തിനെന്നും ഹൈക്കോടതി ചോദിച്ചു.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ പ്ളാസ്റ്റിക് നിരോധന ഉത്തരവ് പാലിക്കാത്ത കടകൾ പ്രവർത്തിക്കുന്നതു ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ് നൽകിയ റിപ്പോർട്ട് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വാക്കാൽ ചോദ്യം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് വിശദീകരണം നൽകാനും ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
ഉത്തരവു നടപ്പാക്കാൻ പരിശോധന വേണമെന്ന് റിപ്പോർട്ട്
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഇടയ്ക്കിടെ പരിശോധന നടത്താൻ പത്തനംതിട്ട കളക്ടർ, എ.ഡി.എം, ഡ്യൂട്ടി മജിസ്ട്രേട്ട് എന്നിവർക്ക് നിർദ്ദേശം നൽകണമെന്നും വീഴ്ച വരുത്തുന്ന കടകൾ അടച്ചു പൂട്ടാൻ നിർദ്ദേശിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആദ്യ രണ്ട് തവണ പിഴയും പിന്നീട് ലൈസൻസ് റദ്ദാക്കലുമാണ് നിലവിലുള്ള നടപടി. എവിടെ നിന്ന് ശേഖരിച്ചതാണെന്ന് വ്യക്തമല്ലാത്ത കുപ്പിവെള്ളം വിറ്റ് പമ്പ ഗണപതി കോവിലിനു സമീപത്തെ കട രണ്ട് തവണ ഉത്തരവ് ലംഘിച്ചു. രണ്ടാം തവണ 5000 രൂപ പിഴയിട്ടെങ്കിലും കടയുടമ അടച്ചില്ല. ഇൗ കട ലേലത്തിൽ നൽകിയ നടപടിയും ലൈസൻസ് അനുവദിച്ച നടപടിയും റദ്ദാക്കാൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകണം. - റിപ്പോർട്ടിൽ പറയുന്നു.