കൊച്ചി : കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി ടി.പി.സെൻകുമാറിനെ നിയമിക്കുന്നതിന് സംസ്ഥാന സർക്കാരാണ് ശുപാർശ ചെയ്യേണ്ടതെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് പരിമിതമായ അധികാരമാണുള്ളതെന്നും കേന്ദ്ര പഴ്സണൽ മന്ത്രാലയം ഹൈക്കോടതിയിൽ വ്യക്തമാക്കി.
സംസ്ഥാന സർക്കാരിൽ നിന്ന് എല്ലാ അർത്ഥത്തിലുമുള്ള പൂർണ ശുപാർശ ലഭിച്ചാൽ പരിഗണിച്ച് തുടർ നടപടിയെടുക്കാം. ഇതുവരെ അത്തരം ശുപാർശ ലഭിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു.
കെ.എ.ടി നിയമനത്തിനായി തന്റെ ഫയൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കാൻ കേന്ദ്ര പഴ്സണൽ മന്ത്രാലയത്തോടു നിർദ്ദേശിക്കണമെന്ന സെൻകുമാറിന്റെ ഹർജിയിലാണ് വിശദീകരണം. നിയമനം തടസപ്പെടുത്താൻ സംസ്ഥാന സർക്കാർ നിരന്തരം കേസെടുത്ത് അപമാനിക്കുകയാണെന്നും നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
2017 സെപ്തംബർ 18ന് നിയമനത്തിനായുള്ള സർക്കാർ ശുപാർശ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സമർപ്പിച്ചു. കേസുകൾ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി നിയമനം സംസ്ഥാന സർക്കാർ എതിർത്തെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ശുപാർശ മടക്കിയെന്നും കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഐ.പി. നാഗ്പാൽ നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. കേസുകളിൽ അന്തിമഫലം വന്നശേഷം വീണ്ടും ശുപാർശ നൽകാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചിരുന്നു. ഇത് സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തു.
ജൂലായ് 12ന് സെൻകുമാർ നൽകിയ നിവേദനം തുടർ നടപടികൾക്കായി സംസ്ഥാന സർക്കാരിന് കൈമാറി. നവംബർ 14ന് സെൻകുമാറിനെതിരായ കേസുകളുടെ ചില വിവരങ്ങൾ വ്യക്തമാക്കി സംസ്ഥാന സർക്കാർ കത്ത് നൽകി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമനത്തിന്റെ ചട്ടപ്രകാരമുള്ള ശുപാർശയല്ല ഇത്.