bjp

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സി.പി.എമ്മിനെതിരെ 'ചുവപ്പൻ ഭീകരത' ഉന്നയിച്ച് ദേശീയതലത്തിൽ പ്രചാരണം നടത്താൻ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും നേതൃയോഗം തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനാണ് യോഗം വിളിച്ചിരുന്നതെങ്കിലും ശബരിമലയാണ് പ്രധാന ചർച്ചയായത്. അക്രമങ്ങളിലേക്ക് മാറാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സമരപരിപാടികളും സംഘടിപ്പിക്കും.

കണ്ണൂരിലുൾപ്പെടെ കൊലപാതക രാഷ്ട്രീയം കളിക്കുന്നെന്ന പ്രചാരണം മുമ്പ് ദേശീയ തലത്തിൽ സംഘടിപ്പിച്ചത് സി.പി.എമ്മിന് ദോഷം ചെയ്തെന്നും ത്രിപുരയിലുൾപ്പെടെ ബി.ജെ.പിക്ക് അതിന്റെ ഗുണം ലഭിച്ചെന്നുമാണ് വിലയിരുത്തൽ.

സി.പി.എമ്മിന്റെ 'ചുവപ്പൻ ഭീകരത' ശബരിമലയ്ക്കും വിശ്വാസത്തിനും ആചാരങ്ങൾക്കുമെതിരെ തുടരുന്നെന്ന പ്രചാരണം നടത്താനാണ് ധാരണ. ശബരിമല വിഷയത്തിൽ ഡൽഹിയിലുൾപ്പെടെ സെമിനാറുകൾ സംഘടിപ്പിക്കും.

ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശവും ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട്. ഇന്നലെ പാർലമെന്റിൽ വിഷയം ഉന്നയിച്ചതും വി. മുരളീധരന്റെ നേതൃത്വത്തിൽ പാർലമെന്റിന് പുറത്ത് ദക്ഷിണേന്ത്യൻ എം.പിമാർ പ്രതിഷേധിച്ചതും ഇതിന്റെ ഭാഗമായാണെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എളമക്കരയിലെ ആർ.എസ്.എസ് ആസ്ഥാനമായ മാധവനിവാസിലായിരുന്നു യോഗം.