കൊച്ചി: എട്ട്, ഒമ്പത് തീയതികളിലെ ദേശീയ പണിമുടക്കിൽ നിന്ന് സ്കൂളുകളെ ഒഴിവാക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുൻകൈയെടുക്കണമെന്ന് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, അൺ എയ്ഡഡ്, എയ്ഡഡ് റെക്കഗ്‌നൈസ്ഡ് സ്കൂൾ മാനേജ്മെന്റുകളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം ഹർത്താലുകൾ നിമിത്തം തൊണ്ണൂറിലേറെ അദ്ധ്യയനദിനങ്ങൾ നഷ്ടമായി. പ്രാദേശിക ഹർത്താലുകൾ കൂടി കൂട്ടിയാൽ 120 ദിവസം ക്ളാസ് നടന്നില്ല. ഒരു അദ്ധ്യയന വർഷം 220 പ്രവൃത്തി ദിനങ്ങൾ വേണമെന്നിരിക്കെ ഇത് കുട്ടികളുടെ ഭാവി തകർക്കും. ഹർത്താലുകളിൽ നിന്ന് ആശുപത്രികളെ ഒഴിവാക്കുന്നതുപോലെ സ്കൂളുകളെയും ഒഴിവാക്കണം. ഇതിനായി രാഷ്ട്രീയ പാർട്ടികളും സർക്കാരും മുന്നോട്ടു വരണമെന്നും സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോ. പ്രസിഡന്റ് ടി.പി.എം. ഇബ്രാഹീംഖാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിവിധ രാഷ്ട്രീയ പാർട്ടികൾക്കും സർക്കാരിനും ഇതു സംബന്ധിച്ച് നിവേദനം നൽകും. ഹർത്താൽ ദിനങ്ങളിൽ മുഴുവൻ കുട്ടികളെയും ക്ളാസിലെത്തിക്കാൻ സ്കൂൾ വാഹനങ്ങൾ ഒാടിക്കാൻ തയ്യാറാണ്. ഇതിന് രാഷ്ട്രീയപാർട്ടികളുടെ പിന്തുണയും സർക്കാരിന്റെ സംരക്ഷണവും വേണം. അഖിലേന്ത്യാ സിലബസിൽ പഠിക്കുന്ന കേരളത്തിലെ കുട്ടികൾ മത്സരപ്പരീക്ഷകളിൽ പിന്നാക്കം പോകുന്ന സ്ഥിതിയുണ്ടാകരുത്. അൺ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോ. പ്രസിഡന്റ് ഡോ. ജയകുമാർ, എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോ. ജോയിന്റ് സെക്രട്ടറി വർഗീസ് തേക്കിലക്കാടൻ, അബ്രഹാം തോമസ്, കെ.എം. ഹാരിസ്, ഐ.സി.എസ്.ഇ ഫെഡറേഷൻ ഭാരവാഹി ഡോ. കെ.കെ ഷാജഹാൻ, ജോർജ് കുളങ്ങര തുടങ്ങിയവരും പങ്കെടുത്തു.