minister-g-sudhakaran
MINISTER G SUDHAKARAN

കൊച്ചി: ജാതിപ്പിശാചിന്റെ പ്രതീകമായ ശബരിമല തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണെന്ന് മന്ത്രി ജി. സുധാകരൻ വിമർശിച്ചു.

പൂന്താനത്തെപ്പോലെ ശുദ്ധനായ ബ്രാഹ്മണനല്ല അദ്ദേഹമെന്നും ബ്രാഹ്മണൻ രാക്ഷസനായാൽ ഏറ്റവും ഭീകരനായിരിക്കുമെന്നും മന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു സഹോദരിയെ മ്ളേച്ഛയായി കരുതി ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ?

ശബരിമല തന്ത്രിക്ക് അയ്യപ്പനോട് സ്നേഹമില്ല, ബഹുമാനമില്ല, കൂറില്ല. അയ്യപ്പന്റെ കൃപകൊണ്ടാണ് അന്നം കഴിക്കുന്നതെന്ന ഒാർമ്മയില്ല. ഞാൻ നടയടച്ചു പൂട്ടി പാട്ടിനുപോകുമെന്നാണ് പറഞ്ഞത്. നടയടച്ച് തന്ത്രി പോയാൽ അയ്യപ്പനെ ആര് നോക്കും ? ദേവനെ നോക്കേണ്ടത് തന്ത്രിയല്ലേ, ഞങ്ങൾക്കോ മുഖ്യമന്ത്രിക്കോ നോക്കാനാവുമോ? ദേവസ്വം ബോർഡ് അംഗത്തിന് നോക്കാനാവുമോ? നടയടച്ചു പൂട്ടി പോകുമെന്ന് പറയുന്നതിനു പകരം ഞാൻ രാജി വച്ച് പോകുമെന്ന് പറഞ്ഞാൽ പോരേ ? അപ്പോൾ സ്ഥാനം വേണം. താക്കോലുമായി പോകണം. ഇതെന്തു സംസ്കാരമാണ് ? ബ്രാഹ്മണ മേധാവിത്വത്തിന്റെ വീഴ്ചയുടെ ആരംഭമാണിത്. ക്ഷേത്രങ്ങളിലൊക്കെ എല്ലാ സമുദായക്കാരും പുരോഹിതരായി കയറാൻ പോവുകയാണെന്നും സുധാകരൻ പറഞ്ഞു.