ആലുവ: ദേശീയപാത അധികൃതരുടെ അനുമതിയില്ലാതെ അമ്പാട്ടുകാവ് തുരങ്കപ്പാതയ്ക്കായി 1.26 കോടി രൂപ റെയിൽവേയ്ക്ക് അടച്ചിട്ടും പദ്ധതി യാഥാർത്ഥ്യമായില്ല. സ്വപ്നപദ്ധതിക്കായി കൊട്ടും കുരവയുമായി ഇന്നസെന്റ് എം.പി ശിലയിട്ടിട്ട് ഇന്നലെ രണ്ട് ആണ്ട് പിന്നിട്ടു. എൻ.എച്ചിൽനിന്ന് എൻ.ഒ.സി ലഭ്യമാക്കാതെയാണ് പഞ്ചായത്ത് നിർമ്മാണോദ്ഘാടനം നടത്തിയതെന്നാണ് ആക്ഷേപം.
ചൂർണിക്കര പഞ്ചായത്തിലെ അമ്പാട്ടുകാവിൽ തുരങ്കപാത വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റെയിൽവേട്രാക്കും ദേശീയപാതയും വന്നതോടെ രണ്ടായി മുറിഞ്ഞ പഞ്ചായത്ത് പ്രദേശത്തിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു അമ്പാട്ടുകാവ് തുരങ്കപ്പാത. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം കഴിഞ്ഞ 2017 ജനുവരി അഞ്ചിന് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം നടന്നു. എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങിയിട്ടില്ല.
എട്ടുവർഷം മുമ്പ് അമ്പാട്ടുകാവ് തുരങ്കപ്പാതയ്ക്കായി പഞ്ചായത്ത് അധികൃതർ 63.80 ലക്ഷം രൂപ റെയിൽവേയിൽ അടച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് നാലുലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 10 ലക്ഷവും അൻവർസാദത്ത് എം.എൽ.എ 30 ലക്ഷവും അനുവദിച്ചു. പുഷ് ത്രൂ മാതൃകയിൽ തുരങ്കപാത നിർമിക്കുന്നതിന് റെയിൽവേ 93 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. പിന്നീട് നിർമ്മാണ ചെലവ് ഒരു കോടിയിലധികമായി. ബാക്കി തുകയായ 17.35 ലക്ഷം രൂപ ഇന്നസെന്റ് എം.പി. നൽകാൻ തയ്യാറായതോടെയാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്.
തുടർന്ന് ടെണ്ടർ വിളിച്ച ശേഷമാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. തുരങ്കപ്പത നേരിട്ട് ദേശീയപാതയിലേക്കാണ് പ്രവേശിക്കുന്നത്. അതിനാൽ എൻ.എച്ചിന്റെ അനുമതി വേണം. ഇതില്ലാതെ നിർമ്മാണം ആരംഭിച്ചതാണ് വിനയായത്. ഇതിനിടെ മെട്രോ യാർഡിന്റെ പ്രവർത്തനങ്ങൾക്കായി മുട്ടത്ത് മറ്റൊരു തുരങ്കപ്പാത നിർമ്മാണം ആരംഭിച്ചതോടെ അമ്പാട്ടുകാവ് പദ്ധതി മന്ദഗതിയിലുമായി. മെട്രോ യാർഡിന്റെ പ്രവർത്തനങ്ങൾക്ക് മാത്രമേ മുട്ടം തുരങ്കപ്പാത ഉപകാരപ്പെടുകയുള്ളുവെന്ന് വ്യക്തമായതോടെയാണ് അമ്പാട്ടുകാവ് പദ്ധതി വീണ്ടും സജീവമായത്.
എൻ.ഒ.സി ഉടൻ ലഭിക്കും
എൻ.എച്ചിന്റെ എൻ.ഒ.സി ലഭിക്കാൻ താമസിച്ചതാണ് തുരങ്കപ്പാതയുടെ നിർമ്മാണം വൈകാൻ കാരണം. കഴിഞ്ഞ ദിവസവും റെയിൽവേ ബോർഡ് അധികൃതരുമായി വിഷയം സംസാരിച്ചിരുന്നു. എൻ.എച്ചിന്റെ അനുമതി ലഭ്യമാക്കുന്നതിനായി റെയിൽവേ ഡിവിഷൻ അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്നസെന്റ് എം.പി
റീത്ത് സമർപ്പിച്ച്
കോൺഗ്രസ് പ്രതിഷേധം
അമ്പാട്ടുകാവ് തുരങ്കപ്പാത ശിലാസ്ഥാപനത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു. രണ്ട് വർഷമായി പഞ്ചായത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ബാബു പുത്തനങ്ങാടി, ശാന്ത ഉണ്ണിക്കൃഷ്ണൻ, കെ.കെ. ജമാൽ, നസീർ ചൂർണിക്കര, പി.ആർ. നിർമ്മൽകുമാർ, കെ.കെ. ശിവാനന്ദൻ എന്നിവർ സംസാരിച്ചു.