കളമശേരി: പ്രളയത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട എച്ച്.എം.ടി കോളനി പെരിങ്ങഴ കരയിൽ കരിവേലി അബ്ദുൾ ഹമീദിന്റെ വീടിന് തറക്കല്ലിട്ടു. സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ കണയന്നൂർ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് നിർമ്മിച്ചു നൽകുന്ന വീടിനാണ് പ്രസിഡന്റ് എം.ഇ. അസൈനാർ തറക്കല്ലിട്ടത്. സംസ്ഥാന സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നൽകിയതിന് പുറമെയാണ് 5 ലക്ഷം രൂപ ബാങ്ക് വിഹിതമായി ചെലവഴിച്ച് വീട് നിർമ്മിച്ച് നൽകുന്നത്. സ്വകാര്യ വ്യക്തിയുടെ സംഭാവനയായി ഒരു ലക്ഷം രൂപ ഇതിന് പുറമെ ലഭിച്ചിട്ടുണ്ട്. കൗൺസിലർ ടി.എ. സലാം, സി.എസ്.എ കരീം, പി. വി. ഷാജി, ബാങ്ക് സെക്രട്ടറി ഷെർലി തുടങ്ങിയവർ പങ്കെടുത്തു.