jishnu-pranoy

കൊച്ചി: തൃശൂർ പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസിൽ, സാക്ഷികളായ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ മാനേജ്മെന്റ് ശ്രമമെന്ന് സി.ബി.ഐ കണ്ടെത്തൽ. അന്വേഷണവുമായി സഹകരിക്കാൻ വിദ്യാർത്ഥികൾ മടിക്കുന്നത് ഇതുകൊണ്ടാണെന്ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിക്കും.

ജിഷ്ണുവിന് അനുകൂലമായോ കോളേജിന് എതിരായോ മൊഴി നൽകരുതെന്ന് മാനേജ്മെന്റുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തുന്നതായി ചില വിദ്യാർത്ഥികൾ സി.ബി.ഐക്ക് മൊഴി നൽകിയിരുന്നു. . പരീക്ഷകളിൽ തോല്പിക്കുമെന്നും ഭീഷണിയുണ്ട്. മാനേജ്മെന്റിന് എതിരെ മൊഴിനൽകിയ ചില വിദ്യാർത്ഥികൾ കഴിഞ്ഞ ചില പ്രായോഗിക പരീക്ഷകളിൽ തോറ്റിരുന്നു. ഇവരെ മന:പൂർവം തോല്പിച്ചതാണെന്ന് സർവകലാശാല നിയോഗിച്ച സമിതിയും കണ്ടെത്തിയിരുന്നു.

കൂടുതൽ പ്രതികൂല മൊഴികൾ തടയാൻ മാനേജ്മെന്റ് ശ്രമിക്കുന്നതായാണ് സി.ബി.ഐ നിഗമനം. ഇതു തുടർന്നാൽ അന്വേഷണം ദുഷ്കരമാകുമെന്ന് കോടതിയെ അറിയിക്കുമെന്നും സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു.

ബി.ടെക് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ 2017 ജനുവരി ആറിനാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മാനേജ്മെന്റിന്റെ പ്രതികാര നടപടികളിൽ മനംനൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്തെന്ന കേസാണ് സി.ബി.ഐ കൊച്ചി യൂണിറ്റ് അന്വേഷിക്കുന്നത്.