പെരുമ്പാവൂർ : മണ്ണൂർ - പോഞ്ഞാശേരി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം. മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വി.പി. സജീന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. മുൻ നിയമസഭാ സ്പീക്കർ പി.പി. തങ്കച്ചൻ, ജില്ല പഞ്ചായത്തംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സി.കെ, പഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യ ലെജു, സൗമിനി ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, ജനപ്രതിനിധികളായ നഗീന ഹാഷീം, മുക്താർ പി.എ, ജോയി മഠത്തിൽ, റഹ്മാ ജലാൽ, ഷൈലജ പിള്ള, പി.എം സലിം, വി.എച്ച്. മുഹമ്മദ്, അനിൽകുമാർ എ.എസ്, രതീഷ് കുമാർ, ഷറഫ് എസ്, ബിനു വി.വി, കെ.ടി ബിന്ദു, ഷിജി കരുണാകരൻ എന്നിവർ പ്രസംഗിച്ചു.
2016 ലെ സംസ്ഥാന ബഡ്ജറ്റിൽ റോഡിന് 10 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. സർവേ നടപടികൾ പൂർത്തീകരിച്ച് പദ്ധതി കിഫ്ബിയിൽ സമർപ്പിച്ചപ്പോൾ പദ്ധതിചെലവ് 23.75 കോടി രൂപയായി ഉയർന്നു. 11.6 കിലോമീറ്റർ ദൈർഘ്യത്തിൽ ഉന്നത നിലവാരത്തിൽ ടാർ ചെയ്യുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. വെള്ളക്കെട്ടുള്ള 5 കിലോമീറ്റർ ഭാഗങ്ങളിൽ ഇരു വശങ്ങളിലും കാനകളും 7 കലുങ്കുകളും നിർമ്മിക്കും. വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളിൽ 40 സെന്റിമീറ്ററോളം റോഡ് ഉയർത്തും.
2 ബസ് ഷെൽട്ടറുകൾ, റിഫ്ലെക്ടറുകൾ, ദിശാ ബോർഡുകൾ എന്നിവ സ്ഥാപിക്കും.
എ. എം റോഡിൽ നിന്ന് ആരംഭിച്ച് എം.സി റോഡിൽ അവസാനിക്കുന്ന റോഡാണിത്. തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പെരുമ്പാവൂർ നഗരത്തിൽ പ്രവേശിക്കാതെ മണ്ണൂരിൽ നിന്ന് തിരിഞ്ഞു പോഞ്ഞാശേരി വഴി പോകുന്നതിന് ഏറെ അനുയോജ്യമായ റോഡാണ് ഇത്.