കൊച്ചി:കേരളത്തിലെ ക്രമസമാധാനം തകർത്ത ശബരിമല യുവതീ പ്രവേശന പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നേതൃത്വത്തെയും കേന്ദ്രസർക്കാരിനെയും സമീപിക്കുമെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
രാജ്യത്തെ കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന ഈ പ്രശ്നം അപക്വമായി കൈകാര്യം ചെയ്ത് സങ്കീർണവും സംഘർഷഭരിതവുമാക്കിയ സർക്കാർ വമ്പൻ പരാജയമാണെന്ന് സ്വയം തെളിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാനവും സ്വൈര്യജീവിതവും അമ്പേ തകർന്നു. ടൂറിസം മേഖല പ്രതിസന്ധിയിലായി. സാമ്പത്തിക തളർച്ചയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഇതിന് ഉത്തരവാദി സർക്കാരും ഇടതുമുന്നണിയുമാണ്.
ശബരിമല വിഷയത്തിൽ ബി.ഡി.ജെ.എസ് വിശ്വാസികൾക്കൊപ്പമാണ്.ശബരിമല വിഷയത്തിൽ ഉടനെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണം. തീവ്രവാദക്കേസിലെ പ്രതി അബ്ദുൾ നാസർ മഅ്ദനിയുടെ ജയിൽമോചനത്തിന് പ്രത്യേക സമ്മേളനം വിളിച്ച് ഏകകണ്ഠമായി പ്രമേയം പാസാക്കിയ സഭയാണ് നമ്മുടേത്. അതിലും എത്രയോ പ്രധാനപ്പെട്ടതാണ് ശബരിമല.
സർക്കാർ സ്‌പോൺസേർഡ് സംഘർഷങ്ങളാണ് നടക്കുന്നത്. ഇടതുസംഘടനകൾക്കൊപ്പം മതതീവ്രവാദികളും പ്രതിഷേധക്കാരെ നേരിടാൻ നിരത്തിലിറങ്ങിയത് സ്ഥിതി വഷളാക്കുകയാണ്. പിറവം, കോതമംഗലം പള്ളികളിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ കാണിക്കാത്ത ശൗര്യമാണ് സർക്കാരിന് ശബരിലമലയുടെ കാര്യത്തിൽ. കേരളത്തിലെ മുസ്ളീം ദേവാലയങ്ങളിൽ ബഹുഭൂരിപക്ഷത്തിലും സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന കാര്യം മറച്ചുവെച്ചാണ് ഇക്കൂട്ടർ നവോത്ഥാനം നടപ്പാക്കാനിറങ്ങിയിട്ടുള്ളത്. കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പിനെ സംരക്ഷിക്കാൻ ശ്രമിച്ചവരാണ്
ശബരിമല തന്ത്രിയെ ആക്ഷേപിച്ച് ഓടിക്കാൻ നോക്കുന്നതും.
ഹിന്ദു സംഘടനകളുടെ മാത്രം യോഗം വിളിച്ച് നവോത്ഥാന മതിൽ പണിത സർക്കാർ ജനങ്ങളെ വഞ്ചിച്ചു. ഗുരുദേവ പ്രതിമയുടെ കഴുത്തിൽ കുരുക്കിട്ട് റോഡിലൂടെ വലിച്ചവരാണ് ഇപ്പോൾ ഗുരുദേവനെ മുന്നിൽ നിറുത്തി നവോത്ഥാന മതിൽ പണിഞ്ഞത്. ഇതൊരു പ്രായശ്ചിത്തമായി കണക്കാക്കുന്നു.
മതിൽ പണിയുടെ മറവിൽ രണ്ട് ആക്ടിവിസ്റ്റ് യുവതികൾക്ക് പൊലീസ് ഒളിവിൽ താമസിപ്പിച്ച് മലകയറാനുള്ള പരിശീലനം നൽകിയത് പരിഹാസ്യമാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.