കൊച്ചി: 2019ൽ സിനിമാ വ്യവസായം ലാഭത്തിലാക്കാനുള്ള സിനിമാസംഘടനകളുടെ തീരുമാനങ്ങളിൽ പ്രധാനമായിരുന്ന 'ഹർത്താൽ ബഹിഷ്കരണം' തുടക്കത്തിലേ പാളി. പുതുവർഷത്തിലെ ആദ്യ ഹർത്താൽ ദിനത്തിൽ തിയേറ്ററുകൾ അടഞ്ഞുകിടന്നു. ഇന്നും നാളെയും നടക്കുന്ന 48 മണിക്കൂർ പണിമുടക്കിൽ തിയേറ്റർ ഉടമകൾ പങ്കെടുക്കില്ലെന്നാണ് തീരുമാനമെങ്കിലും എത്രത്തോളം പ്രാവർത്തികമാകുമെന്ന് ഉറപ്പില്ല. ട്രേഡ് യൂണിയൻ സംഘടനകളുമായി സഹകരിക്കുന്ന ഉടമകൾ തിയേറ്റർ അടച്ചിടാനാണ് സാദ്ധ്യത. തൊഴിലാളികൾ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചാലും ഷോ നടക്കില്ല.
സിനിമാ വ്യവസായത്തെ തകർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന് കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് തീരുമാനിച്ചത്. നിർമാതാക്കളുടെയും തിയേറ്രർ ഉടമകളുടെയും സംഘടനകൾ ഇതിന് പിന്തുണ നൽകിയിരുന്നു. ഷൂട്ടിംഗുകൾ മുടക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഹർത്താലിൽ സംസ്ഥാന വ്യാപകമായി അക്രമം നടന്നതിനാൽ ഭൂരിഭാഗം തിയേറ്ററുകളും തുറന്നില്ല. ചുരുക്കം ചില തിയേറ്ററുകൾ വൈകിട്ട് 6ന് ശേഷം തുറന്നെങ്കിലും തിരക്കില്ലായിരുന്നു. ഷൂട്ടിംഗുകളും മുടങ്ങി.
ഹർത്താലിനെതിരെയെന്ന നിലപാട് തന്നെയാണ് വരാനിരിക്കുന്ന പണിമുടക്കിനോടുമെന്ന് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.സി. ബോബി കേരളകൗമുദിയോട് പറഞ്ഞു. എന്നാൽ പണിമുടക്കിനെ പിന്തുണയ്ക്കാൻ താത്പര്യമുള്ളവർക്ക് തിയേറ്ററുകൾ അടച്ചിടാം. ക്രിസ്‌മസ് റിലീസ് ചിത്രങ്ങൾ നന്നായി പ്രദർശനം തുടരുന്നതിനാൽ രണ്ടുദിവസം തിയേറ്രറുകൾ അടച്ചിട്ടാൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകും.