ramesh-chennithala

കൊച്ചി: സമാധാന അന്തരീക്ഷം നിലനിറുത്തേണ്ട മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

വിശ്വാസ സംരക്ഷണത്തിനായി യു.ഡി.എഫ് ഈ മാസം 23ന് കളക്ടറേറ്റുകളും സെക്രട്ടേറിയറ്റും ഉപരോധിക്കും. കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന ആഹ്വാനവുമായി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ 12ന് തിരുവനന്തപുരത്ത് ഏകദിന ഉപവാസം നടത്തും.
ക്രമസമാധാനനില ആകെ തകർന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയും കേരളത്തെ കൊലക്കളമാക്കി.
മൂന്നു ദിവസം പിന്നിട്ടിട്ടും അക്രമം തടയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സി.പി.എം, ബി.ജെ.പി പ്രവർത്തകർ വീടുകൾ കയറി അക്രമിക്കുകയാണ്. പേരാമ്പ്രയിൽ മുസ്ളീം പള്ളി അടിച്ചു തകർത്തതിലൂടെ സി.പി.എം നൽകുന്ന സന്ദേശം എന്താണ്?
ശബരിമല വിഷയത്തിൽ ഓർഡിനൻസല്ല, നിയമനിർമാണം വേണമെന്നാണു പറഞ്ഞത്.
8, 9 തിയതികളിലെ പൊതു പണിമുടക്ക് ഹർത്താലാക്കി മാറ്റരുതെന്ന് യു.ഡി.എഫ് തൊഴിലാളി സംഘടനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആഗ്രഹമുള്ളവർക്ക് പണിമുടക്കാം.

കെ.വി. തോമസ് എം.പി, ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.