നെടുമ്പാശേരി: പ്രളയം ദുരിതതാണ്ഡവമാടിയ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ സേവ് ചെങ്ങമനാട് പദ്ധതിയിൽ രണ്ടാമത്തെ വീട് നിർമ്മാണം ആരംഭിച്ചു. പ്രളയത്തിനിരയായവർക്കായി അറക്കപ്പടി ജയ്ഭാരത് കോളജ് പ്രതിനിധി ഡോ. നിസാം, ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ ഡോ. അബ്ദുസലാം എന്നിവരുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വീട് നിർമ്മിക്കുന്നത്.
പഞ്ചായത്തിലെ 13-ാം വാർഡിലെ കിഴക്കേദേശം ലക്ഷ്മിമന്ദിരത്തിൽ വി.സി. മനോജ്കുമാറിനാണ് വീട് നിർമ്മിക്കുന്നത്. രണ്ടാമത് വീടിൻെറ ശിലാസ്ഥാപനം അൻവർസാദത്ത് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശേരി അദ്ധ്യക്ഷത വഹിച്ചു. കോ ഓഡിനേറ്ററും പഞ്ചായത്തംഗവുമായ കെ.എം. അബ്ദുൽഖാദർ പദ്ധതി വിശദീകരിച്ചു. വാർഡംഗം ജയന്തി അനിൽകുമാർ, ബ്‌ളോക്ക് പഞ്ചായത്തംഗം രാജേഷ് മടത്തിമൂല, പഞ്ചായത്തംഗങ്ങളായ ലത ഗംഗാധരൻ, കെ.എം. അബ്ദുൽഖാദർ, ജെർളി കപ്രശേരി, പി.എൻ. സിന്ധു, എം.ജെ. ജോമി, എ.സി. ശിവൻ, നൗഷാദ് പാറപ്പുറം, അൻവർ ഗാന്ധിപുരം, മജീദ് പുറയാർ, അൽ അമീൻ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തിലെ രണ്ടാം വാർഡിൽ കുളവൻകുന്ന് കല്ലുവെട്ടിപറമ്പിൽ നാസറിന് നിർമ്മിച്ച ആദ്യ വീടിന്റെ നിർമ്മാണം പൂർത്തിയായി വരികയാണ്.