ksrtc

കൊച്ചി : കെ.എസ്.ആർ.ടി.സിയിലെ ഒഴിവുകളെ താത്കാലികമായി കാണാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കണ്ടക്ടർ തസ്തികയിലെ എംപാനലുകാരെ ഒഴിവാക്കി പി.എസ്.സി ലിസ്റ്റിൽ നിന്ന് നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികളിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വാക്കാൽ പറഞ്ഞത്. കണ്ടക്ടർ നിയമനവുമായി ബന്ധപ്പെട്ട് നാലു ചോദ്യങ്ങൾക്ക് ഒരാഴ്ചയ്ക്കകം മറുപടി നൽകാനും നിർദ്ദേശിച്ചു.

ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് ചട്ടപ്രകാരം നിയമനം നടത്തണമെന്ന് ഡിവിഷൻ ബെഞ്ച് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. അതേ സമയം താത്കാലിക ഒഴിവുകളിലേക്ക് തങ്ങളെക്കൂടി പരിഗണിക്കണമെന്ന് എംപാനലുകാർ നൽകിയ ഹർജിയിൽ ആവശ്യപ്പെടുകയും ചെയ്തു. ഇൗ ഹർജിയിലാണ് ഒഴിവുകളൊന്നും താത്കാലികമല്ലെന്നും ഇതൊരു തരം പറ്റിക്കലാണെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടത്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക നിയമനം നേടുന്നവർ കാലാവധി പൂർത്തിയാക്കിയാൽ പുതുക്കി നൽകുന്നതിന്റെ നിയമ സാധുത പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

 4 ചോദ്യങ്ങൾ

1. കണ്ടക്ടർ തസ്തികയിലെ ഒഴിവുകളിലേക്ക് പി.എസ്.സി ലിസ്റ്റിലുള്ള എത്രപേർ ജോലിക്ക് കയറി ?

2. ജോലിയിൽ പ്രവേശിക്കാൻ കൂടുതൽ സമയം ചോദിച്ചത് എത്ര പേർ ?

3. എത്ര ഒഴിവുകൾ അവശേഷിക്കുന്നു ?

4. ഇൗ ഒഴിവുകൾ വിജ്ഞാപനം ചെയ്യാൻ എന്തെങ്കിലും നടപടികൾ സ്വീകരിച്ചോ ?