കൊച്ചി : ഹർത്താൽ ആഹ്വാനം ചെയ്യുന്നവർ ഏഴു ദിവസം മുമ്പ് പൊതുനോട്ടീസ് നൽകി അക്കാര്യം അറിയിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചു. മിന്നൽ ഹർത്താലുകൾ ജനജീവിതവും സാമ്പത്തിക മേഖലയും തകർക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി. 1997ൽ ബന്ത് ഭരണഘടനാ വിരുദ്ധമായി ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ആ വിധിയിൽ പറഞ്ഞത് ഹർത്താലുകൾക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി.
ജനജീവിതത്തെ ബാധിക്കുന്ന സമരവും ഹർത്താലും നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ കേരള ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, തൃശൂരിലെ മലയാളവേദി എന്നിവ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്.
പ്രതിഷേധിക്കാനുള്ള സമരക്കാരുടെ മൗലികാവകാശത്തേക്കാൾ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശത്തിനാണ് മുൻതൂക്കം. ഏഴുനാൾ മുമ്പേ അറിഞ്ഞാൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും സമയം ലഭിക്കും. എതിർപ്പുള്ളവർക്ക് നിയമസാധുത ചോദ്യം ചെയ്യാനും കഴിയും.
ഹർത്താൽ ദിനത്തിൽ സമരക്കാർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനാൽ ജനങ്ങൾക്ക് വീടിനുള്ളിൽ കഴിയേണ്ടി വരുന്നു.തൊഴിലെടുക്കാനും ജീവിക്കാനും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇതിനായി നിയമനിർമ്മാണം അനിവാര്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇന്നും നാളെയുമായി നടക്കുന്ന പൊതുപണിമുടക്കിനെ നേരിടാൻ സ്വീകരിച്ച നടപടികൾ സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. ഇവ പൊതുജനത്തിനും ജീവനക്കാർക്കും ആശ്വാസം പകരുന്നതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
പ്രളയം കാരണം കേരളത്തിന്റെ സാമ്പത്തിക നില തകർന്നു. കേരളത്തിലെ ഹർത്താൽ അതിക്രമങ്ങളെക്കുറിച്ച് വിദേശ ടൂറിസ്റ്റുകൾക്ക് അവരുടെ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയെന്ന വസ്തുത കോടതിക്ക് അവഗണിക്കാനാവില്ല.
ടൂറിസം ഉൾപ്പെടെ കേരളത്തിന്റെ സാമ്പത്തിക മേഖലയെ ബാധിക്കുന്ന ഹർത്താലുകളും സമരങ്ങളും അംഗീകരിക്കാനാവില്ല. ഇപ്പോൾ തന്നെ ഗുരുതരമായ സ്ഥിതിയാണ്.പ്രതിഷേധിക്കാനുള്ള മൗലികാവകാശം നിമിത്തം പൊതുജനത്തിന്റെയും അന്യസംസ്ഥാന തൊഴിലാളികളുടെയും മൗലികാവകാശങ്ങൾ ലംഘിക്കപ്പെടരുത്. ഹർത്താലിനെ പിന്തുണയ്ക്കാത്തവരുടെ സുരക്ഷയ്ക്ക് ജില്ലാ ഭരണകൂടങ്ങൾ മുൻകൈയെടുക്കണമെന്നും കോടതി നിർദേശിച്ചു.