കൊച്ചി: സീറോമലബാർ സഭയിലെ മേജർ ആർച്ച് ബിഷപ്പ് ഉൾപ്പെടെ മുഴുവൻ ബിഷപ്പുമാരും ആസ്തിബാദ്ധ്യതകളുടെ ധവളപത്രം പുറത്തിറക്കാൻ തയ്യാറാകണമെന്ന് സഭയിൽ നവീകരണത്തിന് വാദിക്കുന്ന അതിരൂപതാ സുതാര്യതാപ്രസ്ഥാനം ആവശ്യപ്പെട്ടു. ബിഷപ്പുമാരും വൈദികരും സാമ്പത്തികകാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും ബിഷപ്പുമാർക്ക് ഇ മെയിലിൽ നൽകിയ നിവേദനത്തിൽ പറയുന്നു. ഇന്നലെ ആരംഭിച്ച സഭാ സിനഡിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്നാണ് ആവശ്യം.
ഏതാനും ബിഷപ്പുമാർക്ക് സംഭവിച്ച തെറ്റുകൾ വ്യക്തിപരമായി കാണാതെ സഭയുടെ മൊത്തം പ്രശ്നങ്ങളാക്കി മാറ്റുകയാണ് അധികാരികൾ ചെയ്തത്. സഭാ സിനഡിന്റെ ധാർമ്മികാധികാരം നശിപ്പിക്കുന്ന നടപടിയാണിതെന്ന് വിശ്വാസികളിൽ ആശങ്കയുണ്ട്. വസ്തുനിഷ്ഠമായി നടക്കേണ്ട അന്വേഷണങ്ങൾ പോലും അട്ടിമറിക്കപ്പെട്ടു. അധികാരത്തിന്റെ മലിനീകരണം സഭയിൽ കടന്നുകൂടി. വിമർശനങ്ങളെ ഇല്ലാതാക്കി ഏകസ്വരാധിപത്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. വസ്തുവില്പന, വലിയ സാമ്പത്തിക ഇടപാടുകൾ എന്നിവ സ്ഥിരമായി നടത്തുന്നവരുണ്ട്. ധാർമ്മികബലം ബിഷപ്പുമാർക്കും വൈദികർക്കും സന്യാസി സമൂഹങ്ങൾക്കും വെളിച്ചമാകാൻ നടപടി സ്വീകരിക്കണം.
നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ
എറണാകുളം അങ്കമാലി അതിരൂപതയെ വിഭജിക്കുകയോ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി റദ്ദാക്കുകയോ ചെയ്യരുത്.
മെത്രാന്മാരുടെ ആസ്തിബാദ്ധ്യത സിനഡിൽ ആദ്യം വെളിപ്പെടുത്തണം. തുടർന്ന് വൈദികർ, സന്യസ്തർ എന്നിവരോടും ആവശ്യപ്പെടണം
ഉപദേശകസമിതി അംഗങ്ങൾ മാത്രമായ വിശ്വാസികളുടെ പ്രതിനിധികളെ തീരുമാനങ്ങളിലും പങ്കാളികളാക്കണം.
സന്യാസിനികൾക്ക് വൈദികർക്കുള്ള തുല്യപരിഗണനയും താക്കോൽ സ്ഥാനങ്ങളിൽ പങ്കാളിത്തവും നൽകണം
സാമ്പത്തിക ക്രയവിക്രയം, സ്ഥാപന നടത്തിപ്പ് എന്നിവയിൽ വിശ്വാസികൾക്ക് കൂടുതൽ പങ്കാളത്തം നൽകണം
ധാർമ്മികവും ലൈംഗികവുമായ പ്രശ്നങ്ങളെ ഗൗരവമായി അന്വേഷിച്ച് നിയമ നടപടികൾ സ്വീകരിക്കണം.
ബിഷപ്പുമാരെ തിരഞ്ഞെടുക്കാൻ വിശ്വാസിസമൂഹത്തിന്റെ അഭിപ്രായം അറിയാൻ സംവിധാനം ഉണ്ടാക്കണം
''വിശ്വാസികളുടെയും വൈദികരുടെയും വികാരങ്ങളാണ് ഉന്നയിച്ചത്. ആവശ്യങ്ങൾ സിനഡ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ സിനഡ് നടക്കുന്ന കാക്കനാട്ടെ സഭാ ആസ്ഥാനത്തേക്ക് പ്രകടനം ഉൾപ്പെടെ നടത്താൻ ആലോചിക്കുന്നുണ്ട്.
-റിജു കാഞ്ഞൂക്കാരൻ
കൺവീനർ,
സുതാര്യതാ പ്രസ്ഥാനം