police-march-sasikala-
പൊലീസ് നിരപരാധികളെ കള്ള കേസിൽ കുടുക്കി മർദ്ദിക്കുന്നതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി വടക്കേക്കര പൊലീസ് സ്റ്റേഷൻ മാർച്ച് കെ.പി. ശശികല ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ശബരിമല ആചാര ലംഘത്തിനെതിരെ നിലകൊള്ളുന്നവരെ സർക്കാർ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് ശബരിമല കർമ്മസമിതി സംസ്ഥാന ചെയർപേഴ്സൺ കെ.പി. ശശികല പറഞ്ഞു. വടക്കേക്കര പൊലീസ് വിശ്വാസികളെ കള്ളക്കേസിൽ കുടുക്കി മർദ്ദിക്കുന്നതിൽ പ്രതിഷേധിച്ച് കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന വടക്കേക്കര പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇതുകൊണ്ടെന്നും വിശ്വാസികളെയും പ്രസ്ഥാനങ്ങളെയും തകർക്കാക്കാൻ പിണറായിക്ക് കഴിയില്ല. ഹൈന്ദവരെ ജാതീയമായി ഭിന്നിപ്പിച്ച് തകർക്കാനാണ് സർക്കാർ ശ്രമം. ശബരിമല ഭക്തരെ കലാപകാരികളായും പള്ളിയിൽ സമരം നടത്തുന്നവരെ വിശ്വാസികളായും കാണുന്നത് മതപ്രീണനമാണ്. ശബരിമല വിഷയത്തിൽ നടക്കുന്ന സമരങ്ങളെ അടിച്ചൊതുക്കാമെന്ന് പിണറായി വ്യാമോഹിക്കേണ്ട, എത്ര കേസെടുത്ത് ജയിലിലടച്ചാലും ലക്ഷ്യം കാണാതെ മടങ്ങുകയില്ല വിശ്വാസ സമൂഹം.
ശബരിമലയെ ടൂറിസ്റ്റ് സ്പോട്ടാക്കാനാണ് സർക്കാരിന്റെ നീക്കം. റിസോർട്ടുകൾ നിർമ്മിക്കുക, വിമാനതാവളം ഉണ്ടാക്കുക, വനം കയ്യേറ്റക്കാർക്കും ടൂറിസ്റ്റ് മാഫിയകൾക്കും വേണ്ടി ശബരിമല പൂങ്കാവനം വിട്ടുകൊടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായാണ് ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് ഇരുപത്തിയഞ്ചംഗ സംഘം ശബരിമലയിൽ എത്തിക്കുന്നതിനുള്ള നീക്കം നടക്കുന്നതായും കെ.പി. ശശികല പറഞ്ഞു. ചക്കുമരശ്ശേരി ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം നൂറ് കണക്കിന് പേർ പങ്കെടുത്തു.

വടക്കേക്കര പൊലീസ് സ്റ്റേഷനു മുമ്പിൽ ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ശബരിമല കർമ്മസമിതി ജില്ല കൺവീനർ കെ.ആർ. രമേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇ.എസ്. പുരുഷോത്തമൻ, എസ്. ജയകൃഷ്ണൻ, എം.സി. സാബു ശാന്തി, പി. മധു എന്നിവർ സംസാരിച്ചു. എ.ബി. ബിജു, അമ്പാട്ട് സുബ്രഹ്മമണ്യൻ, പ്രകാശൻ തുണ്ടത്തുംകടവിൽ, കെ.ജി. മധു, ടി.വി. വേണു, അജി പോട്ടാശ്ശേരി, ടി.ജി. വിജയൻ, കെ.എസ്.ശ്യാംജിത്ത്, കെ.എം.ലിഘോഷ് തുടങ്ങിയവർ നേതൃത്വം നൽകി.