പള്ളുരുത്തി: ചരിത്രമുണർത്തി പള്ളുരുത്തി പുല വാണിഭമേളക്ക് തുടക്കമായി.കൊച്ചിയുടെ ദേശ ദേവതാ ക്ഷേത്രമായ അഴകിയ കാവ് ഭഗവതി ക്ഷേത്രത്തിന്റെയും കൊച്ചി രാജവംശത്തിന്റെയും ചരിത്രത്തിലെ തിളക്കമാർന്ന ഒരേടാണ് ക്ഷേത്ര മുറ്റത്ത് നടക്കുന്ന പുല വാണിഭമേള. ധനുമാസത്തിലെ അവസാനത്തെ വ്യാഴാഴ്ച ക്ഷേത്രത്തിന്റെ വടക്കെ വെളിയിലും മാരമ്പിള്ളി ക്ഷേത്ര മൈതാനത്തുമാണ് മേള നടക്കുന്നത്.

1936ൽ ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പേ കൊച്ചി പ്രദേശത്തുള്ള പുലയ സമുദായക്കാർക്ക് ഭഗവതിയെ തൊഴുത് കാണിക്കയർപ്പിക്കാൻ കൊച്ചി മഹാരാജാവ് അനുവദിച്ച ദിവസമാണ് പുല വാണിഭമേളയായി ആഘോഷിക്കുന്നത്.

കാർഷിക ഉൽപ്പന്നങ്ങൾ, പായ, കുട്ട, വട്ടി, മുറം, പായ, ചവിട്ടി, ചട്ടികൾ, ആട്ട് കല്ല്, ഉരകല്ല് എന്നിവ വിൽപ്പനയ്ക്കുണ്ടാകും.

പ്രത്യേകം അറിയിപ്പോ സംഘാടനമോ കൂടാതെയാണ് ഇപ്പോഴും മേള നടന്നു വരുന്നത്. ഒരാഴ്ചക്കാലം കച്ചചവടക്കാർ ഇവിടെ ഉണ്ടാകും. മേളയിലെ പ്രധാന ഇനം ഉണക്ക സ്രാാവാണ്.