pattayam-2

കൊച്ചി:സീറോ മലബാർ സഭയിലെ എറണാകുളം - അങ്കമാലി അതിരൂപതയുടെ സ്ഥലമിടപാട് വിവാദം കൊഴുപ്പിച്ചുകൊണ്ട്, വ്യാജരേഖ ചമച്ചെന്ന ആരോപണവും ഉയർന്നു. സ്ഥാപിതമാകുന്നതിന് 16 വർഷം മുമ്പേ അതിരൂപതയുടെ പേരിൽ പട്ടയം ലഭിച്ചെന്ന രേഖയാണ് പുറത്തുവന്നത്.

അതിരൂപതയുടെ സാമ്പത്തികബാദ്ധ്യത തീർക്കാനായി വിറ്റ കാക്കനാട്, വാഴക്കാലയിലെ സ്ഥലത്തിന്റെ പട്ടയത്തെ സംബന്ധിച്ചാണ് ആരോപണം. ആധാരത്തിൽ എറണാകുളം ലാൻഡ് ട്രൈബ്യൂണൽ സ്പെഷ്യൽ തഹസിൽദാർ 392-ാം നമ്പർ പ്രകാരം 1976 ൽ 157 ാം നമ്പരായി എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സ്ഥലം പതിച്ചു നൽകിയെന്നാണ് രേഖ. 1976 മാർച്ച് 6 ന് എറണാകുളം അങ്കമാലി ബിഷപ്പ് ജോസഫ് പാറേക്കാട്ടിലിന് ക്രയവിക്രയ സർട്ടിഫിക്കറ്റും നൽകി.

എന്നാൽ 392 ാം നമ്പർ തീരുമാനപ്രകാരം പട്ടയം നൽകിയത് കുമ്പളം വില്ലേജിൽ ചേപ്പനം ചെമ്മാഴത്ത് താമസിക്കുന്ന കുഞ്ഞി താതി എന്നയാൾക്കാണെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. പട്ടയം സംബന്ധിച്ച ഫയലുകൾ കാണാനില്ലെന്നാണ് മറുപടിയെങ്കിലും പട്ടയത്തിന്റെ പകർപ്പ് നൽകുകയും ചെയ്തു. ഇതിലെ തീയതി 1976 മാർച്ച് 3 ആണ്.

1992ലാണ് എറണാകുളം അങ്കമാലി അതിരൂപത സ്ഥാപിക്കപ്പെടുന്നത്. അതിന് മുമ്പ് എറണാകുളം അതിരൂപതയായിരുന്നു.

ഇടനിലക്കാരൻ വഴിയാണ് സഭയുടെ മൂന്നേക്കർ സ്ഥലം കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ വിറ്റഴിച്ചത്. സ്ഥലവില്പന എളുപ്പമാക്കാൻ ഇടനിലക്കാരൻ വ്യാജരേഖയുണ്ടാക്കിയതാകാനും സാദ്ധ്യതയുണ്ട്. ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്ന് അതിരൂപത സുതാര്യതാ പ്രസ്ഥാനം ആവശ്യപ്പെട്ടു.

അന്വേഷണത്തിന് കെ.പി.എം.ജിയും

അതിരൂപതയുടെ സ്ഥലമിടപാടിലെ ക്രമക്കേട് സംബന്ധിച്ച സഭയിലെ അന്വേഷണവും ഉൗർജ്ജിതമായി. അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിയമിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് അന്വേഷണം തുടരുന്നത്. രേഖകൾ പരിശോധിക്കാൻ ബഹുരാഷ്ട്ര കൺസൾട്ടൻസി കമ്പനിയായ കെ.പി.എം.ജിയെയും സമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്.