കൊച്ചി : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനു പിന്നിൽ രഹസ്യ അജൻഡയുണ്ടോ എന്നും പുറത്തുള്ള ഏതെങ്കിലും സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു. ശബരിമലയിൽ സമാധാനാന്തരീക്ഷം തകർത്ത് സർക്കാരിനെയും പൊലീസിനെയും പ്രതിസന്ധിയിലാക്കാൻ ശ്രമമുണ്ടായോ എന്ന് പരിശോധിക്കണം. ഇക്കാര്യങ്ങൾ പുറത്തുള്ള ഏജൻസി അന്വേഷിക്കുന്ന കാര്യം പരിഗണിക്കേണ്ടി വരുമെന്നും ദേവസ്വം ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.

മനിതി സംഘത്തിന് നിലയ്ക്കൽ - പമ്പ റൂട്ടിൽ സ്വകാര്യ വാഹനം അനുവദിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശബരിമല നിരീക്ഷണ സമിതി റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, സുരക്ഷ മുൻനിറുത്തിയാണ് ഇതെന്നു വ്യക്തമാക്കി സർക്കാർ മറുപടി സത്യവാങ്മൂലം നല്കി. ഇതു പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ച കോടതി, അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.

നിലയ്ക്കൽ - പമ്പ റൂട്ടിൽ സ്വകാര്യ വാഹനങ്ങൾ പാടില്ലെന്ന ഉത്തരവ് നിലനിൽക്കെ മനിതി സംഘത്തിന് സ്വകാര്യ വാഹനം അനുവദിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇത്തരത്തിൽ കോടതിയുത്തരവ് ഇല്ലെന്നും സർക്കാരിന്റെ നയപരമായ തീരുമാനം കോടതി നേരത്തെ അംഗീകരിക്കുക മാത്രമാണ് ഉണ്ടായതെന്നും അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു.

മനിതി സംഘം നിലയ്ക്കലിൽ ഇറങ്ങിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും പമ്പയിലിറങ്ങിയാൽ പ്രശ്നം ഉണ്ടാവില്ലെന്നും പറയുന്നത് പൊലീസിന്റെ കഴിവുകേടല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. നിലയ്ക്കലിൽ ഇറങ്ങിയാൽ പ്രശ്നമുണ്ടാകുമെന്ന് പറയുന്ന പൊലീസ്, തിരക്കു നിയന്ത്രിക്കാൻ വൈദഗ്ദ്ധ്യമുണ്ടെന്നു പറയുന്നതിൽ വൈരുദ്ധ്യമുണ്ട്. ആർക്കെങ്കിലും പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമലയെന്നും, അത് തീർത്ഥാടകരുടെ ഇടമാണെന്നും കോടതി പറഞ്ഞു.

അവർ വിശ്വാസികളെന്ന് സർക്കാർ

ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗയും ബിന്ദുവും വിശ്വാസികളാണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്നാൽ ആരെയും നിർബന്ധിച്ച് ശബരിമല ദർശനത്തിന് സർക്കാർ കൊണ്ടുവന്നിട്ടില്ലെന്നും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. തുടർന്നാണ് ഇൗ വിഷയത്തിൽ രഹസ്യ അജണ്ട വല്ലതുമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടത്.

സത്യവാങ്മൂലത്തിൽ ഉണ്ടാകേണ്ടത്

1. നിലയ്ക്കൽ - പമ്പ റൂട്ടിൽ സ്വകാര്യ വാഹനം പാടില്ലെന്ന കോടതിയുത്തരവ് ഉണ്ടെങ്കിൽ ഹാജരാക്കണം. ഇല്ലെങ്കിൽ അക്കാര്യം വിശദീകരിക്കണം.

2. സ്വകാര്യ വാഹനം അനുവദിച്ച പൊലീസ് ഉദ്യോഗസ്ഥന് എതിരെ കോടതിയലക്ഷ്യ നടപടി വേണോയെന്ന് വ്യക്തമാക്കണം. കോടതിയുത്തരവുണ്ടെങ്കിൽ ഉദ്യോഗസ്ഥൻ നടപടി നേരിടേണ്ടി വരും.

3. യുവതീ പ്രവേശനത്തിന്റെ മറവിൽ ശബരിമലയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമമുണ്ടോ?

4. സർക്കാരിനെയും പൊലീസിനെയും പഴിചാരാൻ ബോധപൂർവമായ ശ്രമമുണ്ടോ?