കോലഞ്ചേരി : പണിമുടക്കിൽ വലഞ്ഞ യാത്രക്കാർക്ക് വാഹനമൊരുക്കി കോലഞ്ചേരി റെഡ് ക്രോസ് സൊസൈറ്റി രംഗത്ത്. കോലഞ്ചേരിയിൽ നിന്ന് രാമമംഗലം, പുത്തൻകുരിശ്, പിറവം, മൂവാറ്റുപുഴ മേഖലയിലെത്തേണ്ട നിരവധി പേരെ ഇവർ ബൈക്കുകളിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു. കോലഞ്ചേരി ആശുപത്രിയിലെത്തിയ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇതേറെ പ്രയോജനം ചെയ്തു.
ഹർത്താൽ ദിനങ്ങളിൽ ഹോട്ടലുകളടക്കുന്നത് ഏറെ ബാധിച്ചത് ആശുപത്രിയിലെത്തുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ആശുപത്രി ജീവനക്കാരെയുമാണ് . കോലഞ്ചേരി മെഡിക്കൽ കോളേജിന് മുന്നിലെ ഒരു ഹോട്ടൽ പോലും ഹർത്താലിൽ തുറക്കാറില്ല . തുറന്നാൽ അടപ്പിക്കലും പതിവായിരുന്നു . ഇത് രോഗികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇതു തിരിച്ചറിഞ്ഞ റെഡ് ക്രോസ് സൊസൈറ്റി പ്രവർത്തകർ കഴിഞ്ഞ ഹർത്താലിൽ അഞ്ഞൂറിലധികം പേർക്ക് കഞ്ഞി തയ്യാറാക്കി എത്തിച്ച് സൗജന്യമായി വിതരണം ചെയ്തു. മുമ്പും ഹർത്താൽ ദിനങ്ങളിൽ റെഡ് ക്രോസ് സൊസൈറ്റി ഭക്ഷണം വിതരണം നടത്തിയിട്ടുണ്ട്. സ്വന്തം പണമുപയോഗിച്ചാണ് ഈ സേവനമെന്നതും ഏറെ പ്രശംസനീയമാണ്. യൂണിറ്റ് ചെയർമാൻ രഞ്ജിത് പോൾ , ജിബു ജോർജ് തോമസ് , ഡോ. ജിൽസ് എം. ജോർജ് ,ജെയിംസ് പാറേക്കാട്ടിൽ , സുജിത് പോൾ തുടങ്ങിയവരാണ് നേതൃത്വം നൽകിയത് .