sister-lucy

.കൊച്ചി: ലൈംഗികാരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചിയിൽ കന്യാസ്ത്രീകൾ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് സന്യാസ സഭയുടെ കാരണം കാണിക്കൽ നോട്ടീസ്. ബിഷപ്പിന് എതിരെ സമരം നടത്തിയതിനും മാദ്ധ്യമങ്ങളോട് സ്വന്തം അഭിപ്രായങ്ങൾ പറഞ്ഞതിനും സിസ്റ്റർ ഇന്നു രാവിലെ 11 ന് ആലുവയിലെ സഭാ ആസ്ഥാനത്ത് നേരിട്ടെത്തി വിശദീകരണം നൽകണം. തെറ്റ് തിരുത്തിയില്ലെങ്കിൽ കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.

ആലുവ അശോകപുരം ആസ്ഥാനമായ ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രഗേഷന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫാണ് നോട്ടീസ് നൽകിയത്. വയനാട് മാനന്തവാടി കാരയ്ക്കാമല വിമല ഹോം അംഗമാണ് അദ്ധ്യാപിക കൂടിയായ സിസ്റ്റർ ലൂസി.

സഭാ നിയമങ്ങൾ ലംഘിച്ച് സിസ്റ്റർ ലൂസി അനുസരണക്കേടോടെ പ്രവർത്തിക്കുന്നതായി നോട്ടീസിൽ പറയുന്നു.

സമൂഹ മാദ്ധ്യമങ്ങളിലെ എഴുത്തുകൾ കന്യാസ്ത്രീക്ക് യോജിച്ചതല്ല. തെറ്റുകൾ തിരുത്താൻ നിരവധി അവസരങ്ങൾ നൽകിയെങ്കിലും അനുസരിച്ചില്ല. നേരിട്ടു സംസാരിക്കാൻ ഫോണിൽ വിളിക്കുകയും, രേഖാമൂലം സുപ്പീരിയർ ജനറൽ ആവശ്യപ്പെടുകയും ചെയ്തെങ്കിലും തയ്യാറായില്ല.

സിസ്റ്റർ ലൂസിയുടെ പാപങ്ങൾ

(സഭാ നിയമങ്ങളുടെ കടുത്ത ലംഘനവും അനുസരണക്കേടുമായി പറയുന്ന കാര്യങ്ങൾ ഇവയാണ്)

 'സ്നേഹമഴകൾ ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഇതിന് 50,000 രൂപ ചെലവഴിക്കാൻ സൂപ്പീരിയർ ജനറലിന്റെ അനുമതി വാങ്ങിയില്ല.

 ഡ്രൈവിംഗ് ലൈസൻസ് എടുത്തു.

 വായ്പയെടുത്ത് സ്വന്തമായി മാരുതി ആൾട്ടോ കാർ വാങ്ങി.

 ക്രൈസ്തവരുടേതല്ലാത്ത ദിനപ്പത്രങ്ങളിലും വാരികകളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.

 എറണാകുളത്ത് സേവ് ഒൗവർ സിസ്റ്റേഴ്സ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തു.

 ഫേസ്ബുക്ക്, ടി.വി. ചാനലുകളിലെ ചർച്ചകൾ എന്നിവയിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കത്തോലിക്കാ നേതൃത്വത്തെ അപമാനിച്ചു.

ചുരിദാറിട്ട കന്യാസ്ത്രീ

കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരെ പ്രതികരിച്ച് ശ്രദ്ധേയായ കന്യാസ്ത്രീയാണ് ലൂസി കളപ്പുര. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിൽ പങ്കെടുത്തതിന് ലൂസിക്കെതിരെ സഭ നടപടി സ്വീകരിച്ചെങ്കിലും വിശ്വാസികളുടെ എതിർപ്പ് മൂലം പിൻവലിച്ചിരുന്നു.

വനിതാമതിൽ ദിവസം ചുരിദാർ വേഷമിട്ട് ഫോട്ടോയെടുത്ത് സിസ്റ്റർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് വൈറലായി. അച്ചന്മാരെപ്പോലെ സാധാരണ വസ്ത്രം ധരിക്കാൻ കന്യാസ്ത്രീകൾക്കും അവകാശമുണ്ടെന്നായിരുന്നു ഫോട്ടോയ്ക്ക് ഒപ്പം സിസ്റ്ററുടെ കുറിപ്പ്.