citu
പണിമുടക്കിനോടനുബന്ധിച്ച് ആലുവയിൽ നടന്ന പ്രകടനം

ആലുവ: പൊതുപണിമുടക്ക് ആലുവ മേഖലയിൽ ഭാഗികം. നഗരത്തിൽ സർവീസ് നടത്തിയ ഓട്ടോറിക്ഷയും തുറന്ന് പ്രവർത്തിച്ച ഗ്യാസ് വിതരണ ഏജൻസി ഓഫീസും പണിമുടക്ക് അനുകൂലികൾ തകർത്തു.

പണിമുടക്കിയ സി.ഐ.ടി.യു തൊഴിലാളികൾ ടൗൺ ഹാൾ ഭാഗത്ത് നിന്ന് പ്രകടനമായി മാർക്കറ്റ് ഭാഗത്തേക്ക് പോകുമ്പോഴാണ് കെ.എസ്.ആർ.ടി.സി ഭാഗത്തുവച്ച് എതിർദിശയിൽ നിന്നുവന്ന സി.എൻ.ജി ഓട്ടോറിക്ഷയുടെ ചില്ല് തല്ലിയുടച്ചത്. ഡ്രൈവറെ മർദ്ദിക്കാൻ ശ്രമം നടന്നെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. തോട്ടക്കാട്ടുകര ബിന്ദു ഗ്യാസ് ഏജൻസിക്ക് നേരെയും അക്രമം നടത്തി. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലെറിഞ്ഞത്. പൊട്ടിയ ചില്ല് ദേഹത്ത് വീണ് മുറിവേറ്റ ഗ്യാസ് ഏജൻസി ജീവനക്കാരിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് ഏജൻസിയിലെ സി.ഐ.ടി.യു വിഭാഗം തൊഴിലാളികളുമായി തർക്കം നിലനിന്നിരുന്നതിനാൽ മാനേജ്മെന്റ് പൊലീസ് സംരക്ഷണം തേടിയിരുന്നു.

ആക്രമണത്തിൽ ജീവനക്കാർക്ക് ആർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. സി.സി ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയവരെ വിമർശിച്ചവരും അതേപാത തന്നെയാണ് സ്വീകരിക്കുന്നതെന്ന് വിമർശനമുയർന്നു.ഓട്ടോറിക്ഷ തകർത്ത വിഷയം ഇതേത്തുടർന്ന് പൊലീസ് കേസാക്കാതെ ഒതുക്കുന്നതിന് നീക്കം നടത്തുന്നുണ്ട്.

കടകമ്പോളങ്ങൾ തുറന്നു

ആലുവയിൽ കടകമ്പോളങ്ങൾ ഭൂരിഭാഗവും തുറന്നു. എന്നാൽ സർക്കാർ - അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെല്ലാം ഹാജർനില തീരെ കുറവായിരുന്നു. സിവിൽ സ്റ്റേഷനിലും ജീവനക്കാർ നാമമാത്രമായിരുന്നു. കടകൾ തുറക്കുന്നതിന് എതിർപ്പില്ലെന്ന് സമരസമിതിക്കാരും കടകൾ തുറക്കുമെന്ന് വ്യാപാരികളും വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കടകൾ തുറന്നത്. എന്നാൽ വാഹനങ്ങൾ നിരത്തിൽ നിന്നും വിട്ടുനിന്നതിനാൽ കച്ചവടം കുറവായിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു.

മാർക്കറ്റിൽ നടന്ന സംയുക്ത യോഗം വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. കെ.ജെ. ഡൊമനിക് അദ്ധ്യക്ഷത വഹിച്ചു. എം.ജെ. ടോമി, എം.കെ.എ. ലത്തീഫ്, കെ.എം. കഞ്ഞുമോൻ, കെ.പി. കൃഷ്ണൻകുട്ടി, എ.പി. പോളി, പി. നവകുമാരൻ കെ.ജെ. ഐസക് എന്നിവർ സംസാരിച്ചു. എ.പി. ഉദയകുമാർ, പി.എം. സഹീർ, ടി.വി. സൂസൻ, ആനന്ദ് ജോർജ്, പോളി ഫ്രാൻസിസ്, ശിവരാജ് കോമ്പാറ, തമ്പി പോൾ, എ. ഷംസുദ്ദീൻ, മാത്യു ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.