കൊച്ചി : ശബരിമലയിൽ യുവതീ പ്രവേശനത്തെ എതിർക്കുന്നവർ പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതൽ സജീവമായെന്നും, കഴിഞ്ഞ ദിവസം ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡറിന് പ്രതിഷേധം കാരണം മടങ്ങേണ്ടി വന്നത് ഇതിനു തെളിവാണെന്നും ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.
ജനുവരി രണ്ടിനു പുലർച്ചെ കനകദുർഗ്ഗയും ബിന്ദുവുമാണ് ദർശനം നടത്തിയത്. ഇവർ പതിനെട്ടാം പടി കയറാതെ സന്നിധാനം കോംപ്ളക്‌സിലെ സ്റ്റാഫ് ഗേറ്റ് വഴിയാണ് മേലേ തിരുമുറ്റത്തെത്തിയത്. പിറ്റേന്നു രാവിലെ നിലയ്ക്കലിൽ എത്തിയ, ആന്ധ്രയിൽ നിന്നുള്ള ബസിൽ സ്ത്രീകളുണ്ടെന്ന സംശയത്തെ തുടർന്ന് തമിഴ്നാട് സ്വദേശിയായ ഒരാൾ കല്ലെറിഞ്ഞിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു.
ഇപ്പോൾ പ്രതിദിനം ഒരു ലക്ഷം ഭക്തർ ദർശനത്തിന് എത്തുന്നുണ്ട്. മകരവിളക്ക് അടുക്കുന്ന സാഹചര്യത്തിൽ തിരക്ക് ഇനിയും കൂടും. ഇതിനിടെ യുവതികൾ ദർശനത്തിന് എത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്താൽ അനിഷ്ട സംഭവങ്ങളുണ്ടാകാം. ഇക്കാര്യം ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിലുണ്ടെന്നും സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു.