court-verdict

കൊച്ചി : തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പത്താം ക്ളാസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി തിരുവനന്തപുരം വീരണകാവ് ചന്ദ്രാമൂഴി ക്രൈസ്റ്റ് ഭവനിൽ രാജേഷ് കുമാറിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം ശിക്ഷയായി ഇളവു ചെയ്തു. 25 വർഷത്തേക്ക് പ്രതിക്ക് ഒരു ശിക്ഷായിളവും നൽകരുതെന്നും വിധിയിൽ നിർദേശിച്ചിട്ടുണ്ട്.

2011 മാർച്ച് ആറിനാണ് സംഭവം. ഒാട്ടോ ഡ്രൈവറായ പ്രതി മോഷണത്തിനാണ് പെൺകുട്ടിയുടെ വീട്ടിൽ കയറിയത്. പരീക്ഷക്ക് തയ്യാറെടുക്കുന്ന പെൺകുട്ടി ഇവിടെ ഒറ്റക്കാണെന്ന് കണ്ട് ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ മാലയും കവർന്നു.

പ്രതിക്കെതിരെ കൊലപാതകം, പീഡനം, കവർച്ച, ഭവന ഭേദനം എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തി. 2013 ജനുവരിയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാജേഷിനെ വധശിക്ഷക്ക് വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കുറ്റ കൃത്യമെന്നും വിലയിരുത്തി.

ഇതിനെതിരെ നൽകിയ അപ്പീലിൽ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കരുതിക്കൂട്ടിയുള്ള കുറ്റകൃത്യമല്ല ഇതെന്നു ഡിവിഷൻ ബെഞ്ച് വിലയിരുത്തി. നീതി നടപ്പാക്കാൻ പ്രതിക്ക് കർശന വ്യവസ്ഥയോടെയുള്ള ജീവപര്യന്തം തടവു പര്യാപ്തമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.