കൊച്ചി : ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനുള്ള കേരള ഫുട്ബാൾ ടീമിലേക്ക് തങ്ങളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ സ്കൂൾ ഗെയിംസ് ഫുട്ബാൾ അണ്ടർ 17 ബോയ്സ് ചാമ്പ്യൻഷിപ്പിൽ സെക്കൻഡ് റണ്ണർ അപ്പായ ടീമിലെ അംഗങ്ങൾ നൽകിയ നിവേദനം സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സ് ഡയറക്ടർ വേഗം പരിഗണിച്ച് തീർപ്പാക്കാൻ ഹൈക്കോടതി നിർദേശിച്ചു.

സെക്കൻഡ് റണ്ണർ അപ്പായ ടീമിലുണ്ടായിരുന്ന പാലക്കാട് ചാലിശേരി സ്വദേശി വി.എൻ. മുഹമ്മദ് ഷെഹിൻ ഉൾപ്പെടെ 13 താരങ്ങൾ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ നടത്തിയ ടൂർണ്ണമെന്റിൽ ആദ്യ റൗണ്ടിൽ പുറത്തായ ടീമിൽ നിന്ന് സെലക്‌ഷൻ ട്രയൽ പോലും നടത്താതെ കേരള ഫുട്ബാൾ അസോസിയേഷൻ താരങ്ങളെ തിരഞ്ഞെടുത്തെന്നും ഹർജിക്കാൻ ആരോപിക്കുന്നു. ദേശീയ സ്കൂൾ ഗെയിംസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ സെക്കൻഡ് റണ്ണർ അപ്പ് എന്ന നിലയിൽ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാൻ തങ്ങൾ അർഹരാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡയറക്ടർക്ക് നൽകിയ നിവേദനത്തിൽ തീരുമാനം ഉണ്ടായില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് നിവേദനം പരിഗണിച്ച് തീർപ്പാക്കാൻ ഹൈക്കോടതി നിർദേശിച്ചത്.