കൊച്ചി: കത്തോലിക്കാ സഭയ്ക്കും സന്യാസിനി സമൂഹത്തിനും അപകീർത്തിയുണ്ടാക്കിയെന്ന ആരോപണത്തെ തുടർന്ന് തന്നെ സഭയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിയെ തരിമ്പും ഭയപ്പെടുന്നില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര. സഭയുടെ ആരോപണങ്ങളെല്ലാം അവരുടെതന്നെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. കത്തോലിക്കാ സഭയുടെ കാഴ്ചയ്ക്കാണ് ഇപ്പോൾ അന്ധത ബാധിച്ചിരിക്കുന്നത്. ഇത്തരക്കാർ എന്തുതരം സന്യാസത്തെക്കുറിച്ചാണ് വീമ്പിളക്കുന്നതെന്ന് മനസിലാകുന്നില്ല. സിസ്റ്റർ ലൂസി കളപ്പുര 'ഫ്ലാഷി'നോട് സംസാരിക്കുന്നു:
സഭയാണ് പാപം ചെയ്തത്
വാർത്താ മാദ്ധ്യമങ്ങളിലൂടെ എനിക്കെതിരെ വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ച് എന്നെ അപകീർത്തിപ്പെടുത്തുന്നത് കോൺഗ്രിഗേഷനിലെ ചിലരാണ്. ഇക്കാര്യത്തിൽ വിശദീകരണം തേടി എഫ്.സി.സിയിൽ ഞാനൊരു പരാതി നൽകിയെങ്കിലും അതിന് വ്യക്തമായൊരു മറുപടിയും ഇതേവരെ ലഭിച്ചിട്ടില്ല. അങ്ങനെയിരിക്കെ അവരുന്നയിക്കുന്ന ആരോപണങ്ങൾക്ക് ഞാൻ മാത്രമെന്തിന് മറുപടി നൽകണം? ഞങ്ങളുടെ കന്യാസ്ത്രീകൾ പീഡിപ്പിക്കപ്പെട്ടപ്പോൾ അവരെ പിന്തുണയ്ക്കാത്ത സഭയാണ് യഥാർത്ഥത്തിൽ തെറ്റുകാർ. കന്യാസ്ത്രീ സമരത്തെ പിന്തുണച്ചതിലൂടെ ഞാൻ ചെയ്തത് ശരിയാണ്. സഭയാണ് പാപം ചെയ്തത്.
സന്യാസി സഭയുടെ സ്വത്ത്
ഞാൻ സന്യാസി സഭയുടെ സ്വത്താണ്. എന്റെ സ്വത്തുക്കളെല്ലാം സഭയ്ക്ക് നൽകിയാണ് ഞാൻ തിരുവസ്ത്രമണിഞ്ഞത്. എന്നാൽ, വർഷങ്ങളായി ഇവർ എന്റെ അവകാശങ്ങളെ നിഷേധിച്ചു കൊണ്ടേയിരിക്കുകയാണ്. ഒരു നിർദ്ധന കുടുംബത്തെ സഹായിക്കാൻ പതിനായിരം രൂപ ആവശ്യപ്പെട്ടപ്പോഴും നൽകിയില്ല. 2005 മുതൽ പലപ്പോഴായി ദൈവത്തിന്റെ സുവിശേഷ സൃഷ്ടിയായ പ്രകൃതിയെക്കുറിച്ചും ജീവജാലങ്ങളിലെ ദൈവസാന്നിദ്ധ്യത്തെക്കുറിച്ചും ഞാൻ കുറിച്ചിട്ട കവിതകൾ ഉൾപ്പെടുത്തിയൊരു കവിതാ സമാഹാരം ഇറക്കണമെന്നത് ദീർഘനാളത്തെ ആഗ്രഹമായിരുന്നു. ഈ ആവശ്യവും നിഷേധിക്കപ്പെട്ടു. ദ്വാരക ഹൈസ്ക്കൂളിൽ ഗണിത അദ്ധ്യാപികയായ ഞാൻ 2017 ഡിസംബർ മുതൽ ഒരു വർഷക്കാലം എന്റെ ശമ്പളം സ്വരൂപിച്ചാണ് 'സ്നേഹമഴ' എന്ന പേരിലൊരു പുസ്തകം പ്രസിദ്ധീകരിച്ചത്. അതിൽ യാതൊരു തെറ്റും കാണുന്നില്ല.
കാർ വാങ്ങിയത് അത്യാവശ്യങ്ങൾക്ക്
ലോണെടുത്ത് കാർ വാങ്ങിയത് എന്റെ അത്യാവശ്യങ്ങൾക്കാണ്. കന്യാസ്ത്രീകൾക്ക് ഡ്രൈവിംഗ് പഠിക്കാനും വാഹനം വാങ്ങിക്കാനുമൊന്നും നിലവിൽ യാതൊരു വിലക്കുമില്ല. സഭയ്ക്ക് കോടികൾ മുടക്കി സ്വന്തമായി കോളേജുകളും ആശുപത്രികളുമൊക്കെ ഉണ്ടല്ലോ. അതൊക്കെ എന്തിനാണ് ? അതൊക്കെ ആദ്യം അവർ ഉപേക്ഷിക്കട്ടെ. എങ്കിൽ ഞാനും കാർ ഉപേക്ഷിക്കാം. സഭ ഇപ്പോൾ പിന്തുടരുന്നതിൽ പലതും ക്രൈസ്തവ ധർമ്മമല്ല. അതൊരു വിശാല കാഴ്ചപ്പാടാണെന്ന് സഭയാണ് ആദ്യം തിരിച്ചറിയേണ്ടത്. ലോകത്ത് പലയിടത്തും പള്ളികളിൽ ഉൾപ്പെടെ നവീകരണങ്ങൾ നടക്കുന്ന കാലമാണിത്. വില കുറഞ്ഞ ആരോപണങ്ങളാണ് എനിക്കെതിരെ ഉന്നയിക്കുന്നത്.
ചുരിദാർ ചിത്രം മന:പൂർവം
വനിതാ മതിലിനെ പിന്തുണച്ച് ഫേസ്ബുക്കിൽ ചുരിദാർ അണിഞ്ഞ് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് മന:പൂർവമാണ്. വനിതാ മതിലിൽ പങ്കെടുത്തിരുന്നില്ല. സ്ത്രീ ശാക്തീകരണമെന്നത് ഏറെ അഭിമാനത്തോടെ ഓർക്കുന്നൊരു കാര്യമാണ്. അതിനായി രൂപീകരിച്ച സ്ത്രീ കൂട്ടായ്മയെ പിന്തുണയ്ക്കേണ്ടത് ആവശ്യമാണെന്ന് തോന്നി. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ പ്രതികരിക്കേണ്ടതായ വിഷയങ്ങളിൽ ശക്തമായി പ്രതികരിച്ച് തന്നെയാണ് ശീലം. അതിപ്പോഴും തുടരുന്നു. യാത്രയ്ക്കിടെ ആയതിനാലാണ് സാധാരണ വേഷമിട്ടത്. അത് വിവാദമാക്കേണ്ടതില്ല.
തല്ലിപ്പൊളിച്ച് കളയാനുള്ള ദേഷ്യം
ഇത്തിരി വൈകിയാണെങ്കിലും ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതിൽ സന്തോഷമുണ്ട്. ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇരകൾക്ക് എത്രയും വേഗം നീതി ലഭ്യമാക്കണം. സഭ സംരക്ഷിക്കേണ്ട കന്യാസ്ത്രീകൾ കോഴിയെ വളർത്തി ജീവിക്കുകയാണെന്ന് വായിച്ചറിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു. ഇത്തരം സന്യാസ സഭകളൊക്കെ തല്ലിപ്പൊളിച്ച് കളയാനുള്ള ദേഷ്യമാണ് തോന്നിയത്.
സിസ്റ്റർ ലൂസി കളപ്പുര
കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരെ പ്രതികരിച്ച് ശ്രദ്ധേയയായ കന്യാസ്ത്രീയാണ് സിസ്റ്റർ ലൂസി കളപ്പുര. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരത്തിൽ പങ്കെടുത്തതിന് സിസ്റ്ററിനെതിരെ സഭ നടപടി സ്വീകരിച്ചെങ്കിലും വിശ്വാസികളുടെ എതിർപ്പുമൂലം പിൻവലിച്ചിരുന്നു.
മാനന്തവാടി സെന്റ് മേരീസ് പ്രൊവിൻസ് അംഗമായ സിസ്റ്റർ ലൂസിയോട് കഴിഞ്ഞ ദിവസം ആലുവയിലെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്.സി.സി) ജനറലേറ്റ് മുമ്പാകെ ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ ഇതിന് തയ്യാറായിട്ടില്ല.