march
സംയുക്ത സമരസമിതി ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്

ആലുവ: ആലുവയിൽ രണ്ടാം ദിവസവും പൊതുപണിമുടക്ക് ഭാഗികം. സർക്കാർ - അർദ്ധ സർക്കാർ ഓഫീസുകളിൽ ഹാജർനില നാമമാത്രമായിരുന്നു. നഗരത്തിൽ ഉൾപ്പെടെ കടകമ്പോളങ്ങൾ പ്രവർത്തിച്ചു. കുറച്ച് കച്ചവട സ്ഥാപനങ്ങൾ മാത്രമാണ് അടഞ്ഞുകിടന്നത്.

അക്രമ സംഭവങ്ങളൊന്നും ഇന്നലെ ഉണ്ടായില്ല. ആലുവ മാർക്കറ്റിന് സമീപത്തെ സമരകേന്ദ്രം സജീവമായിരുന്നു. രാവിലെ നടന്ന പ്രതിഷേധ യോഗത്തിൽ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.എം. സഹീർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നേതാവ് പോളി ഫ്രാൻസിസ്, കെ.ജെ. ഡൊമനിക്, പി. നവകുമാരൻ, എം.ജെ. ടോമി, കെ.ജെ. ഐസക്, കെ.എം. കുഞ്ഞുമോൻ, ശിവരാജ് കോമ്പാറ, പി.കെ. പോളി, പി.വി. നാരായണപിള്ള, പി.കെ. കൃഷ്ണൻകുട്ടി, എം.കെ.എ. ലത്തീഫ് എന്നിവർ സംസാരിച്ചു.

തുടർന്ന് സമരകേന്ദ്രത്തിൽ നിന്ന് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്റ്റേഷൻ കവാടത്തിൽ ആലുവ പൊലീസിന്റെയും ആർ.പി.എഫിന്റെയും നേതൃത്വത്തിൽ മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന ധർണ സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, എസ്.ടി.യു നേതാവ് അഷറഫ് വള്ളൂരാൻ, പി.വി. ജോൺസൺ, കെ.എ. രമേശൻ, ആനന്ദ് ജോർജ്, പി.വി. എൽദോസ് എന്നിവർ സംസാരിച്ചു.