കൊച്ചി: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ടി.ഒ. സൂരജിന്റെ 8.80 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് കണ്ടുകെട്ടി. 11.84 കോടി രൂപയുടെ അനധികൃത സമ്പാദ്യം സൂരജ് നേടിയെന്ന വിജിലൻസ് റിപ്പോർട്ടിന്റെ തുടർച്ചയായാണ് നടപടി.കേരളത്തിൽ ആദ്യമായാണ് ഐ. എ. എസ് പദവിയിലിരുന്ന ഒരാളുടെ സ്വത്ത് കണ്ടുകെട്ടുന്നത്.
നാല് ആഡംബര വാഹനങ്ങളും 13 സ്ഥലങ്ങളിലെ സ്വത്തുക്കളും കണ്ടുകെട്ടിയെന്നാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നൽകുന്ന വിവരം. ഇപ്പോൾ 30 കോടിയിലേറെ രൂപ വിപണിവിലയുള്ളതാണ് സ്വത്തുക്കൾ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പുറത്തും സൂരജിന്റെയും കുടുംബാംഗങ്ങളുടെയും പേരുകളിലാണ് അനധികൃത സ്വത്തുക്കൾ സമ്പാദിച്ചത്.
പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന 2004 - 2014 കാലഘട്ടത്തിൽ യഥാർത്ഥ വരുമാനത്തിന്റെ മൂന്നിരട്ടിയിലേറെ സൂരജ് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഒരു വർഷം മുമ്പ് ഇതു സംബന്ധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചു.
തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ സ്വന്തം പേരിൽ സൂരജിന് സ്ഥലവും കെട്ടിടങ്ങളുമുണ്ട്. കൊച്ചിയിൽ ഗോഡൗണുണ്ട്. ഭാര്യയുടെയും മക്കളുടെയും പേരുകളിൽ ഫ്ളാറ്റുകളും വീടുകളുമുണ്ട്. മകന് മംഗലാപുരത്തും ഫ്ളാറ്റുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.