darna
ഉദയംപേരൂരിൽ സർക്കാർ ഉടമസ്ഥതയിൽ ഉള്ള ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ച് വിറ്റ പഞ്ചായത്തഗം ഉൾപ്പെടെയുള്ള കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു സി.പി.ഐ ഉദയംപേരൂർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ജില്ലാ കൗൺസിൽ അംഗം ടി. രഘുവരൻ ഉദ്ഘാടനം ചെയുന്നു

ഉദയംപേരൂർ:ഉദയംപേരൂർ മാളേകാട് അടിമപ്പറമ്പ് കാളിയങ്കര റോഡിലെ മരങ്ങൾ വെട്ടിവിറ്റ സംഭവത്തിൽ വാർഡ് മെമ്പർക്കെതിരെ ഉൾപ്പെടെ കർശന നടപടി ആവശ്യപ്പെട്ടും റോഡ് നിർമാണം ഉടൻ പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ ഉദയംപേരൂർ ലോക്കൽ കമ്മിറ്റി ഉദയംപേരൂർ പഞ്ചായത്തിന് മുമ്പിൽ ധർണ നടത്തി.
ജില്ലാ കൗൺസിൽ അംഗം ടി. രഘുവരൻ ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി എൻ.എൻ വിശ്വംഭരൻ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ആൽവിൻ സേവ്യർ, തെക്കൻ പറവൂർ സെക്രട്ടറി കെ.എസ് പവിത്രൻ, പി. ശങ്കരനാരായണൻ, എം.ആർ. സുർജി, പി.കെ ഷാജി, കെ.വി മുരുകേഷ്, ശങ്കിരിഭായ് ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.

ഒന്നാം വാർഡ് അംഗം ഷീന സുനിൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രതിപക്ഷഅംഗം ഉൾപ്പെട്ട വിവാദത്തിൽ നേതൃത്വം മൗനം ഭജിക്കുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും സമരരംഗത്താണ്. ലക്ഷങ്ങൾ വിലമതിക്കുന്ന ഒമ്പത് മരങ്ങളാണ് പഞ്ചായത്ത് അറിയാതെ 1,10,000 രൂപയ്ക്ക് വെട്ടി വിറ്റത്. പ്രശ്നം ഒത്തുതീർക്കാനും ശ്രമം നടക്കുന്നുണ്ട്.