കൊച്ചി : കേരള ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ് കൊച്ചിയിൽ നടത്തണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കേരളത്തിലെ വോട്ടർമാരെ തിരഞ്ഞെടുപ്പിനായി ഡൽഹിയിലെത്തിക്കുന്നതിനായി ചെലവിടുന്ന തുക താരങ്ങളുടെ പരിശീലനത്തിന് ഉപയോഗിച്ചു കൂടേയെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. കായിക മേഖലയുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്ക് ഉത്തരവാദിത്വമില്ലാതെ പൊതുപണം ചെലവിടരുതെന്ന താക്കീതോടെയാണ് ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്.
ജനുവരി 14 ന് കൊച്ചിയിൽ തിരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇതു ഡൽഹിയിലേക്ക് മാറ്റി ഉത്തരവിറക്കി. ഇതിനെതിരെ കേരള ഒളിമ്പിക് അസോസിയേഷനിലെ വോട്ടർമാർ നൽകിയ ഹർജിയിൽ ഉത്തരവ് അസാധുവാക്കിയ സിംഗിൾബെഞ്ച് തിരഞ്ഞെടുപ്പ് കൊച്ചിയിൽ നടത്താൻ നിർദ്ദേശിച്ചു. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. കേരളത്തിൽ അസോസിയേഷന്റെ പ്രവർത്തനങ്ങൾ രാഷ്ട്രീയവത്കരിച്ചിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താൻ കഴിയില്ലെന്നുമായിരുന്നു അപ്പീലിലെ വാദം. എന്നാൽ ഇതു കോടതി അംഗീകരിച്ചില്ല. കേരളത്തിൽ സുരക്ഷയില്ലെന്ന് പറയുന്നത് സംസ്ഥാനത്തിന്റെ മുഖത്ത് ചെളിവാരിയെറിയുന്നതിന് തുല്യമാണ്.ഡൽഹിയിൽ രാഷ്ട്രീയം ഇല്ലെന്ന് പറയാനാകുമോ ?. കേരളത്തിലെ എല്ലാ പാർട്ടികളും ചേർന്ന് പൊതുതിരഞ്ഞെടുപ്പ് ഡൽഹിയിൽ നടത്താൻ തീരുമാനിച്ചാൽ ജനങ്ങൾ അതംഗീകരിക്കുമോ എന്നും കോടതി ചോദിച്ചു.