കൊച്ചി: പ്രളയനഷ്ടം സംബന്ധിച്ചുള്ള പരാതി സ്വീകരിക്കാൻ സർക്കാർ രൂപം നൽകിയ പ്രാഥമിക അതോറിറ്റി മുമ്പാകെ അപേക്ഷ നൽകാനുള്ള തീയതി ജനുവരി 31 വരെ നീട്ടാൻ ഹൈക്കോടതി നിർദേശിച്ചു. പരാതികൾ നൽകേണ്ട തീയതി ജനുവരി പത്തിന് അവസാനിച്ചിരുന്നു. പലർക്കും പരാതി നൽകാൻ കഴിഞ്ഞിട്ടില്ലെന്ന വസ്തുത കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ്.
നഷ്ടപരിഹാരം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹർജികളും ഇതിലെ അമിക്കസ് ക്യൂറി റിപ്പോർട്ടുകളും പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
നവംബർ 22 ലെ സർക്കാർ ഉത്തരവിലൂടെ പരാതികൾ പരിഗണിക്കാൻ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ ബോധിപ്പിച്ചു. പ്രാഥമിക അതോറിറ്റി എന്ന നിലയിൽ എ.ഡി.എമ്മിനാണ് പരാതി നൽകേണ്ടത്. ഇവിടെ തീർപ്പുണ്ടായില്ലെങ്കിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കളക്ടറെ അപ്പലേറ്റ് അതോറിറ്റിയായി നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ഇൗ സംവിധാനത്തിനുപരിയായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കോ സ്ഥിരം ലോക് അദാലത്തിനോ കീഴിൽ ഒാംബുഡ്സ്‌മാനെപോലെ ഒരു അപ്പലേറ്റ് അതോറിറ്റിക്ക് രൂപം നൽകുന്നത് ഉചിതമാണെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.